കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ ഗാന്ധിനഗര്‍ എസ്ഐ നിയമ ലംഘനം നടത്തിയെന്ന് കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചാക്കോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എസ്ഐ ആയിരുന്ന എംഎസ് ഷിബു ആണെന്നാണ് കോടതി നല്കുന്ന വിശദീകരണം.
പൊലീസ് സ്റ്റേഷനില്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ചാക്കോയ്ക്ക് ഒപ്പം ചേര്‍ന്ന് ശ്രമിച്ചതായും കോടതി അറിയിച്ചിട്ടുണ്ട്. നീനുവിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് എടുത്ത നടപടിയെയാണ് കോടതി വിമര്‍ശിച്ചിരിക്കുന്നത്.
മാന്നാനം സ്വദേശി കെവിന് പി ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതി ചാക്കോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഏറ്റുമാനൂര്‍ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം, ഭാര്യ നീനുവിന്റെ ചികിത്സാ രേഖകള്‍ എടുക്കാന്‍ കോടതി ഉത്തരവ് നല്‍കിയിരുന്നു. പുനലൂരിലെ വീട്ടിലുള്ള രേഖകളാണ് എടുക്കാന്‍ അനുമതി ലഭിച്ചത്. ഏറ്റുമാനൂര്‍ കോടതിയാണ് ഉത്തരവിട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അഭിഭാഷകന് രേഖകള്‍ വീട്ടില്‍ നിന്നെടുക്കാമെന്നായിരുന്നു ഉത്തരവ്. നീനുവിന് മാനസിക രോഗം ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ എടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ചാക്കോയുടെ അപേക്ഷ.
കേസില്‍ പൊലീസ് അന്വേഷണം തുടരവേ പുതിയ ആരോപണവുമായി നീനുവിന്റെ പിതാവ് ചാക്കോ ജോണ്‍ രംഗത്ത് വന്നിരുന്നു. തന്റെ മകള്‍ മാനസിക രോഗിയാണെന്ന വെളിപ്പെടുത്തലുമായാണ് ചാക്കോ രംഗത്തെത്തിയത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാക്കോ ജോണിന്റെ വാദം.

