കെവിന്‍ കൊലക്കേസ്; ഷാനുവിന് ദുബായിലെ ജോലി നഷ്ടമാവും

ദുബായ്:  കെവിന്‍ കൊലക്കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയുടെ ദുബായിലെ ജോലി നഷ്ടമായേക്കും. 26കാരനായ ഷാനു ചാക്കോ ദുബായില്‍ ഇലട്രിക്കല്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച എമര്‍ജന്‍സി ലീവ് എടുത്താണ് ഷാനു നാട്ടിലെത്തിയത്.

സഹോദരിയുടെ കാര്യത്തില്‍ അത്രയേറെ ശ്രദ്ധ ഉണ്ടായതിനാലാണ് ഷാനുവിന് ലീവ് അനുവദിച്ചതെന്നും, അയാളുടെ ഭാഗത്ത് നിന്ന് ഒരിക്കലും ഇത്തരം ഒരു കാര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും കമ്പനിയുടെ ഉടമ പറഞ്ഞു. ഷാനു ചാക്കോ തിരിച്ച്‌ ദുബായിലേക്ക് വരേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ജൂലൈ വരെയാണ് ഷാനു ചാക്കോയുടെ വിസയുടെ കാലാവധി. ആറ് മാസത്തിനുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ വിസ തനിയെ കാലഹരണപ്പെടും.അടിയന്തരമായി വീട്ടില്‍ പോണമെന്ന് ആവശ്യപ്പെട്ട ഷാനു കമ്പനി ഉടമയുടെ മുന്നില്‍ കരഞ്ഞ് അപേക്ഷിക്കുകയായിരുന്നു. സഹോദരി നീനു ഒരു ചെറുപ്പക്കാരനൊപ്പം ഇറങ്ങി പോയിയെന്നും, അച്ഛന്‍ സുഖമില്ലാത്ത അവസ്ഥയിലായതിനാല്‍ താന്‍ വീട്ടില്‍ ഉണ്ടാകണമെന്നുമായിരുന്നു ഷാനുവിന്‍റെ ആവശ്യം. പെങ്ങളോടും കുടുംബത്തോടുമുള്ള ഷാനുവിന്‍റെ സ്നേഹം കണ്ടാണ് ലീവ് അനുവദിച്ചത്. എന്നാല്‍ ഷാനു ഇങ്ങനെ ഒരു അരുംകൊല ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഉടമ പറയുന്നു.

ഞാറാഴ്ചയാണ് കെവിനെ മാന്നാനത്തെ ബന്ധുവീട്ടില്‍ നിന്ന് 13പേര്‍ അടങ്ങിയ സംഘം തട്ടിക്കൊണ്ടു പോയത്. അടുത്ത ദിവസം തെന്മലയ്ക്കടുത്ത് കായലില്‍ നിന്ന് കെവിന്റെ മൃതശരീരം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നീനുവിന്റെ വീട്ടുകാരുടെ പങ്കും പോലീസുകാരുടെ ഒത്താശയും വ്യക്തമാണ്. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, അച്ഛന്‍ ചാക്കോ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

prp

Related posts

Leave a Reply

*