തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ നടന് മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത്.
ജൂറി അംഗമായ ഡയറക്ടര്‍ ബിജുവും ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഒരു വിഭാഗം അംഗങ്ങളും ചില സാംസ്കാരിക പ്രവര്‍ത്തകരും മുഖ്യാതിഥി വേണ്ടെന്ന നിലപാടെടുത്തെങ്കിലും സര്‍ക്കാര്‍ അത് തള്ളുകയായിരുന്നു. എതിര്‍പ്പുകള്‍ മോഹന്‍ലാലിനോടുള്ള വ്യക്തി വിരോധം കൊണ്ടാണ് എന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്.
സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം സി.എസ് വെങ്കിടേശ്വരന് രാജി വച്ചു. ഡയറക്ടര്‍ ബിജു ചടങ്ങ് ബഹിഷ്കരിക്കുമെന്നും കൗണ്‍സിലിലെ ചില അംഗങ്ങള്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി ഡാനിയല്‍ പുരസ്കാരവും അവാര്‍ഡുകളും മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും. മലയാള സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെസി ഡാനിയല്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്കാണ് നല്‍കുന്നത്. അഞ്ചു ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഒറ്റമുറിവെളിച്ചത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമായ രാഹുല്‍ റിജി നായര്‍, രണ്ടാമത്തെ ചിത്രമായ ഏദന്റെ സംവിധായകന് സഞ്ജു സുരേന്ദ്രന്, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന് ഇന്ദ്രന്‍സ്, മികച്ച നടി പാര്‍വതി തുടങ്ങി അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായ 43 പേര് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും.
ചലച്ചിത്ര സംബന്ധിയായ പുസ്തകത്തിനും ലേഖനത്തിനുമുള്ള പുരസ്കാരങ്ങളും ചടങ്ങില്‍ സമ്മാനിക്കും. മികച്ച ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനും രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. രണ്ട് ലക്ഷം രൂപയാണ് മികച്ച സംവിധായകനുള്ള സമ്മാനത്തുക. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും ലഭിക്കും.
