തിരുവനന്തപുരം: യുവാക്കളിലെ മദ്യ ഉപയോഗം കുറയ്ക്കാന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള പ്രായ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇനി 23 വയസ് പൂര്‍ത്തിയായവര്‍ക്കെ മദ്യം ഉപയോഗിക്കാന്‍ കഴിയൂ. നിലവില്‍ മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 വയസാണ്. പ്രായപരിധി ഉയര്‍ത്തുന്നതിന് അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്യും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് 20 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബൂട്ട് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ സംരംഭകര്‍ക്ക് അനുമതി നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 2012-ലെ ചെറുകിട ജലവൈദ്യുതി നയം അനുസരിച്ച് ഇന്‍റിപെന്‍ഡന്‍റ് പവര്‍ പ്രൊജക്‌ട് വിഭാഗത്തിലാണ് പദ്ധതികള്‍ അനുവദിക്കുന്നത്. സര്‍ക്കാരുമായി കരാര്‍ ഒപ്പുവക്കുന്ന തീയതി മുതല്‍ 30 വര്‍ഷത്തേക്കാണ് അനുമതി. പദ്ധതികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്‍ നിരക്ക് നിശ്ചയിക്കും.
ഇടുക്കി ഉടുമ്പന്‍ചോല താലൂക്കില്‍ കാന്തിപ്പാറ വില്ലേജില്‍ 83.98 ആര്‍ പുറമ്പോക്ക് ഭൂമി, പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന് ധാന്യസംഭരണശാല നിര്‍മ്മിക്കുന്നതിനായി നല്‍കാന്‍ തീരുമാനിച്ചു.
കൊച്ചി സിറ്റി പോലീസ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 34.95 ആര്‍ റവന്യൂ പുറമ്പോക്ക് ഭൂമി, ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തി ആഭ്യന്തര വകുപ്പിന് ഉപയോഗാനുമതി നല്‍കാന്‍ തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളില്‍ പുതിയതായി രൂപീകരിക്കാന്‍ തീരുമാനിച്ച താലൂക്കുകളില്‍ 55 തസ്തികകള്‍ വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് കക ന്‍റെ രണ്ട് തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
ക്ഷീരവികസന വകുപ്പിന്‍റെ കീഴിലുളള മീനാക്ഷിപുരം, പാറശ്ശാല, ആര്യങ്കാവ് എന്നീ ചെക്ക് പോസ്റ്റുകളില്‍ 9 തസ്തികകളും, കാസര്‍ഗോഡ് കോട്ടയം എന്നീ റീജ്യണല്‍ ലാബോറട്ടറികളിലേക്ക് 6 തസ്തികകളും പുതിയതായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

