ബീഹാര്‍: ഭാരതാംബയ്ക്കായി ഒരു മകനെ ഞാന്‍ ബലി നല്‍കി. അടുത്ത മകനെയും ഞാന്‍ പോരാടാന്‍ അയയ്ക്കും. ഭാരത മാതാവിനു വേണ്ടി അവനെയും സമര്‍പ്പിക്കാന്‍ ഞാനൊരുക്കമാണ്. പക്ഷെ പാകിസ്താന് ചുട്ട മറുപടി നല്‍കണം”- ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ചാവറാക്രമണത്തിനിടെ വീരമൃത്യു വരിച്ച ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശി രത്തന്‍ ഠാക്കൂര്‍ എന്ന ജവാന്റെ പിതാവിന്റെ വാക്കുകള്‍.
വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നേകാലോടെയാണ് പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ സി ആര്‍ പി എഫ് ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 2547 ജവാന്മാരാണ് സൈനിക വ്യൂഹത്തിലുണ്ടായിരുന്നത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 44 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഇവരില്‍ വയനാട് സ്വദേശി വി വി വസന്തകുമാറും ഉള്‍പ്പെടുന്നു. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. . പാകിസ്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
കശ്മീര്‍ സ്വദേശിയായ ആദില്‍ അഹമ്മദ് ദര്‍ ആണ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ ഓടിച്ചു കയറ്റിയത്.

