കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങനീര് നല്‍കിയതോടെയാണ് ഒമ്പത് ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ചത്.
സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കുകയും സമരം യു.ഡി.എഫ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വയലാര്‍ രവി, തെന്നല ബാലകൃഷ്ണപ്പിള്ള തുടങ്ങിയവരും സമരപ്പന്തലിലെത്തിയിരുന്നു.
അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്‍റെ പിതാവ് ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന് സിബിഐയോട് ആവശ്യപ്പെടുകയും ചെയ്തു.

