തന്‍റെ നിലപാടുകള്‍ പരിസരം നോക്കാതെ തുറന്നു പറയുന്നയാളാണ് നടനും സംവിധായകനുമായ ജോയ് മാത്യു. സാമൂഹിക പ്രസക്തിയാര്‍ന്ന വിഷയങ്ങളില്‍ ഇടപെടുന്നതിനും ശക്തമായ അഭിപ്രായം രേഖപ്പെടുത്തുന്നതിനും പലപ്പോഴും താരം ശ്രമിക്കാറുമുണ്ട്. ഇപ്പോഴിതാ രൂപതകള്‍ക്കെതിരെ പരിഹാസവുമായി തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ നിലപാടറിയിച്ചിരിക്കുകയാണ് ജോയ് മാത്യു.
യേശുവിനു സഞ്ചരിക്കാന്‍ കഴുതപ്പുറം, അദ്ദേഹത്തിന്‍റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ വോള്‍വോ. എന്നിട്ടും രൂപ താ….രൂപ താ എന്നു പറയുകയാണെന്ന് ജോയ് മാത്യു കുറിപ്പില്‍ എഴുതി. സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
”ഇടവക എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാക്കാന്‍ എളുപ്പമുണ്ടായിരുന്നു. എന്നാല്‍ രൂപതാ അതിരൂപതാ എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല. ഇപ്പൊ മനസ്സിലായി ‘രൂപ താ ‘എന്നാണ് ഇവര്‍ പറയുന്നതെന്ന്.
ഞാന്‍ ഒരു രൂപപോലും തരില്ല കാരണം ഞാന്‍ ഒരു രൂപതയിലും ഇല്ല. മാത്രമല്ല ഇവര്‍ പറയുന്ന ആളേ അല്ല നമ്മുടെയേശു. നമ്മുടെയേശു കയ്യില്‍ ചമ്മട്ടിയുമായി വന്ന് ദേവാലയങ്ങളിലിരിക്കുന്ന കള്ളക്കച്ചവടക്കാരെ അടിച്ചോടിക്കുന്നവനാണ്.
നമ്മുടെയേശുവിന് സഞ്ചരിക്കാന്‍ കഴുതപ്പുറം. അദ്ദേഹത്തിന്‍റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍വോള്‍വോ. എന്നിട്ടും പറയുന്നു രൂപ താ….രൂപ താ”.

