പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജസ്ന ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് നൂറ് ദിവസം. ജസ്നയുടെ തിരോധാനത്തില്‍ പൊലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. മാര്‍ച്ച് 22നാണ് ജസ്ന ജയിംസിനെ മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് കാണാതായത്.
പലയിടത്തും ജസ്നയെ കണ്ടെന്ന അറിയിപ്പിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍, അതൊന്നും ജസ്നയല്ലെന്ന് സ്ഥിരീകരിക്കാന്‍ മാത്രമേ പൊലീസിനായിട്ടുള്ളു. ജസ്നയുടെ കുടുംബാഗങ്ങളേയും ആണ് സുഹൃത്തിനേയും പലവട്ടം ചോദ്യം ചെയ്തങ്കിലും കൂടുതലായി ഒന്നും കിട്ടിയില്ല. അഭ്യൂഹങ്ങള്‍ക്കും നിഗമനങ്ങള്‍ക്കും പിന്നാലെ വ്യക്തതയില്ലാതെ പായുകയാണ് അന്വേഷണ സംഘം.
ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ചവര്‍ കാട്ടിയ ഉദാസീനതയാണ് തെളിവുകള്‍ നശിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പ്രത്യേക അന്വേഷണ സംഘത്തിനും ഈ നിലപാടാണ്. കേസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് ജസ്നയുടെ കുടുംബം.

