കണ്ണൂര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസില്‍ സര്‍ക്കാര്‍ എന്നും ഇരയ്ക്കൊപ്പം തന്നെയാണെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന് ആവര്‍ത്തിച്ചു. ബിഷപ്പിന്റെ അറസ്റ്റില്‍ സര്‍ക്കാരിന്റെത് ശരിയായ നിലപാടാണ്. ഒരു കുറ്റവാളിയും രക്ഷപ്പെടാനുള്ള സാഹചര്യം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമല്ല. അത് വ്യക്തമായതുമാണ്. കേസില്‍ എല്ലാ അന്വേഷണവും നടത്തിയാണ് പൊലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. തെളിവ് ശേഖരണം അന്വേഷണത്തിന്റെ ഭാഗമാണ്. അതിനാവശ്യമായ സമയം പൊലീസ് എടുത്തിട്ടുണ്ട്. ബിഷപ്പിന്റെ കാര്യത്തില്‍ ശരിയായ നടപടിയാണ് എടുത്തത്. വേട്ടക്കാരെ സംരക്ഷിക്കേണ്ട കാര്യം സര്‍ക്കാരിനില്ല. ഏത് പ്രശ്നങ്ങളിലും സര്‍ക്കാരിന്റെത് ശരിയായ നിലപാടാണെന്നതാണ് ബിഷപ്പിന്റെ അറസ്റ്റും വ്യക്തമാക്കുന്നത്.
കന്യാസ്ത്രീകളുടെ സമരത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തള്ളിപ്പറഞ്ഞിട്ടില്ല. ഇത്തരം സാഹചര്യങ്ങളെ ദുരുപയോഗപ്പെടുത്താനുള്ള സാദ്ധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വസ്തുതകള്‍ മനസിലാക്കിയാണ് അദ്ദേഹം ഓരോന്ന് പറയുക. ഒരു ബിഷപ്പുമായും കൂടിയാലോചനയ്ക്ക് സമയം നിശ്ചയിച്ചിരുന്നില്ലെന്നും ജയരാജന് പറഞ്ഞു.
