കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. ഇന്ന് രാവിലെ 10 മണിയോടെ ബിഷപ്പ് മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറയിലെ എസ്.പി ഓഫീസില്‍ ഹാജരായി.
അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പൊലീസ് കേന്ദ്രങ്ങള്‍ നല്‍കുന്നത്. അതേസമയം, ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ വൈകുമെന്നതിനാല്‍ ഇടക്കാല ജാമ്യം നേടാന്‍ ബിഷപ്പ് ശ്രമം തുടങ്ങി. ഇതിനായി അഭിഭാഷകര്‍ ജാമ്യാപേക്ഷ തയ്യാറാക്കിയിട്ടുണ്ട്.
ഇതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അറസ്റ്റ് എപ്പോഴെന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് നിയമോപദേശം തേടിയിട്ടില്ല. സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായം ആരായുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് പറഞ്ഞ മൊഴി വിവിധ സംഘങ്ങളായി തിരിഞ്ഞ് വിശദമായി പരിശോധിച്ച അന്വേഷണസംഘം ഇന്ന് ക്രോസ് വിസ്താരരീതിയിലാകും ബിഷപ്പിനോട് ചോദ്യങ്ങളുന്നയിക്കുക. കോട്ടയം എസ്.പി എസ്. ഹരിശങ്കര്‍, വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. വ്യാഴാഴ്ചത്തെ ചോദ്യം ചെയ്യലില്‍ പുരോഗതിയുണ്ടെന്നും ബിഷപ്പില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

