നിരപരാധിയെന്ന ബിഷപ്പിന്‍റെ വാദം പൊളിഞ്ഞു; സഭാവസ‌്ത്രം അഴിച്ചു

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ‌്ക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കുന്ന നിരവധി വസ്തുതകള്‍ അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ ബിഷപ‌് നിരത്തിയ വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു.

2014 മെയ് നാലിന് കുറവിലങ്ങാട്ടെ മഠത്തില്‍ താന്‍ പോയിട്ടില്ലെന്നും അവിടെ തങ്ങിയിട്ടില്ലെന്നുമുള്ള വാദം മൂന്നാംദിവസവും ആവര്‍ത്തിച്ചു. വെള്ളിയാഴ്ച ചോദ്യംചെയ്യല്‍ തുടരുന്നതിനിടെ അന്വേഷണസംഘം തൃപ്പൂണിത്തുറയില്‍നിന്ന‌് കുറുവിലങ്ങാട്ടെ മഠത്തിലെത്തി പീഡനത്തിനിരയായ കന്യാസ്ത്രീയില്‍നിന്ന‌് വീണ്ടും മൊഴിയെടുത്തു. ബിഷപ‌് പീഡിപ്പിച്ച കാര്യം കന്യാസ്ത്രീ അന്വേഷണസംഘത്തോട് ആവര്‍ത്തിച്ചു.

കൂടാതെ ബിഷപ്പിന്‍റെ ഡ്രൈവറുടെ മൊഴിയും ഇക്കാര്യം സ്ഥിരീകരിച്ചു. മെയ് നാലിന് ബിഷപ് മഠത്തില്‍ ചെന്നതായും അവിടെ തങ്ങിയതായും മഠം രജിസ്റ്റര്‍ വ്യക്തമാക്കുന്നു. മാമോദീസ ചടങ്ങില്‍ കന്യാസ്ത്രീയെ സന്തോഷവതിയായിട്ടാണ് കണ്ടതെന്ന ബിഷപ്പിന്‍റെ വാദത്തിനും നിലനില്‍പ്പുണ്ടായില്ല. അതേദിവസം, കന്യാസ്ത്രീ അങ്ങേയറ്റത്തെ വേദനയോടെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന‌് കുടുംബാംഗങ്ങള്‍ മൊഴിനല്‍കി. മുതലക്കോടത്ത‌് പോയെന്ന‌് ബിഷപ് പറഞ്ഞതും തെറ്റാണെന്നു കണ്ടെത്തി.

ബിഷപ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ഐജി വിജയ് സാഖറെ പറഞ്ഞു. മൂന്നു ദിവസംകൊണ്ട് 24 മണിക്കൂറാണ് ബിഷപ്പിനെ ചോദ്യം ചെയ്തത്. ആയിരത്തിലധികം ചോദ്യങ്ങള്‍ ചോദിച്ചു. ഇവയ‌്ക്കൊന്നും കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. ബിഷപ്പിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഐജി പറഞ്ഞു.

ഇരുപത്തഞ്ചിന‌് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. സഭാവസ്ത്രങ്ങളും അധികാരചിഹ്നങ്ങളും ബിഷപ‌് ഊരിമാറ്റി. രാത്രി ഒമ്പതിനുശേഷം വെളുത്ത ജൂബയും പാന്‍റ്സും ധരിച്ചാണ‌് ചോദ്യംചെയ്യല്‍ കേന്ദ്രത്തില്‍നിന്ന‌് പുറത്തിറങ്ങി. തുടര്‍ന്ന‌് വൈദ്യപരിശോധനയ‌്ക്കായി തൃപ്പൂണിത്തുറ ഗവ. ആശുപത്രിലേക്ക‌് കൊണ്ടുപോയി. വന്‍ പൊലീസ‌് സന്നാഹത്തിന്‍റെ സുരക്ഷയിലാണ‌് ബിഷപ്പിനെ കൊണ്ടുപോയത‌്. കോട്ടയത്തെ പൊലീസ‌് ക്ലബ്ബിലെത്തിക്കുന്ന ഫ്രാങ്കോയെ ശനിയാഴ‌്ച പാലാ മജിസ‌്ട്രേട്ടിനുമുന്നില്‍ ഹാജരാക്കും‌.

prp

Related posts

Leave a Reply

*