ഇറാന്‍: ഇറാനില്‍ വിഷക്കൂണ്‍ കഴിച്ച് 11 പേര്‍ മരിച്ചു. 800 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്തമഴയെ തുടര്‍ന്ന് ഇറാനിലെ പടിഞ്ഞാറന്‍ ഭാഗത്ത് വിഷക്കൂണുകള്‍ മുളച്ച് പൊന്തിയതിനെ തുടര്‍ന്നാണീ പ്രതിസന്ധി സംജാതമായിരിക്കുന്നത്. യഥാര്‍ത്ഥ കൂണുമായി സാമ്യമുള്ള വിഷക്കൂണ്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നത്. ഇക്കാരണത്താല്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമുള്ളവര്‍ കൂണ്‍ കഴിക്കുന്നതിന് മുമ്പ് മുന്‍കരുതലെടുക്കേണ്ടതാണെന്ന് നിര്‍ദേശമുണ്ട്.
ഇത്തരത്തില്‍ കൂണില്‍ നിന്നും വിഷം അകത്തായാല്‍ അതിന് ഫലപ്രദമായ ചികിത്സയില്ലെന്നതാണ് പ്രശ്‌നമായിത്തീരുന്നത്. ഇക്കൂട്ടത്തില്‍ നിരവധി പേര്‍ക്ക് പിന്നീട് ലിവര്‍ മാറ്റി വയ്‌ക്കേണ്ട അവസ്ഥയുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായ അപ്രതീക്ഷിതമായ കനത്ത മഴയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ പര്‍വത പ്രദേശങ്ങളില്‍ ഇത്തരം കൂണുകള്‍ പെട്ടെന്ന് തഴച്ച് വളരുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. വിഷമില്ലാത്തതും ഭക്ഷ്യയോഗ്യവുമായ കൂണുകളോട് സാമ്യം പുലര്‍ത്തുന്നവയാണ് വിഷക്കൂണുകളെന്നതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നതെന്നാണ് ഒഫീഷ്യലുകള്‍ മുന്നറിയിപ്പേകുന്നത്.
പ്രദേശവാസികള്‍ക്ക് ഇവയെ വേറിട്ടറിയാന്‍ സാധിക്കാത്തത് അവരെ അപകടത്തിലേക്ക് തള്ളി വിടുന്നുമുണ്ട്. ഇപ്പോള്‍ മരിച്ചിരിക്കുന്നവരും ആശുപത്രിയിലായവരും ഏത് പ്രത്യേക തരത്തിലുള്ള വിഷക്കൂണാണ് കഴിച്ചിരിക്കുന്നതെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇറാനിലെ കാട്ട് പ്രദേശങ്ങളില്‍ സാധാരണ കാണപ്പെടുന്ന വിഷക്കൂണുകളാണ് അമാനിറ്റ ഫാലോയ്ഡ്‌സ്, അല്ലെങ്കില്‍ ഡെത്ത് ക്യാപ്, എന്നിവ. കൂണ്‍ കഴിച്ച് ആശുപത്രിയിലായ ഏതാണ്ട് 50 ഓളം പേരുടെ നില ഗുരുതരമാണ്.
ഇവരില്‍ ചിലര്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ട് പേരുടെ ലിവര്‍ മാറ്റി വച്ചിട്ടുണ്ട്. ഇറാനിലെ തെരുവുകളില്‍ കൂണ്‍വില്‍ക്കാന്‍ വച്ചിരിക്കുന്നതായി കാണാം. എന്നാല്‍ കൂണുകളെ കുറിച്ച് പരമ്പരാഗത അറിവുകളുള്ള തദ്ദേശവാസികളുടെ സഹായത്തോടെയാണ് വിഷമുള്ളതും ഇല്ലാത്തതുമായ കൂണുകള്‍ വേര്‍തിരിച്ചറിഞ്ഞതിന് ശേഷമാണ് വില്‍പനക്ക് വയ്ക്കാറുള്ളത്.കെര്‍മാന്‍ഷാ, കോര്‍ഡെസ്റ്റാന്‍, ലോറെസ്റ്റാന്‍,സാന്‍ജാന്‍, വെസ്റ്റ് അസര്‍ബൈജാന്‍, കോഹ്ഗിലുയെ, ബോയെര്‍ അഹമ്മദ്, ക്വാസ് വിന്‍, എന്നീ പ്രവിശ്യകളിലുള്ളവരെയാണ് വിഷക്കൂണ്‍ ബാധിച്ചിരിക്കുന്നത്.
മരിച്ചവരില്‍ ഏഴ് പേര്‍ കെര്‍മാന്‍ഷാ പ്രവിശ്യയിലുള്ളവരാണ്. അപകടസാധ്യത വര്‍ധിച്ച സാഹചര്യത്തില്‍ ലൂസ് കൂണ്‍ വാങ്ങരുതെന്നും മറിച്ച് പായ്ക്കറ്റില് അടച്ച് സീല്‍ ചെയ്ത് ഷോപ്പുകളില്‍ വില്‍ക്കുന്ന കൂണുകള്‍ മാത്രമേ വാങ്ങിയുപയോഗിക്കാവു എന്ന് ആളുകള്‍ക്ക് അധികൃതര്‍ കടുത്ത നിര്‍ദേശം നല്‍കി.

