ഗുരുഗ്രാമം: ആധാറിലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്ന യുവതിക്ക് ആശുപത്രി ഗേറ്റില്‍ സുഖപ്രസവം. ഡല്‍ഹിയ്ക്കടുത്ത് ഗുഡ്ഗാവില്‍ വെള്ളിയാഴ്ചയാണ് സംഭവം.
ഗുഡ്ഗാവ് ഷീദ് ല കോളനി നിവാസിയായ മിന്നി പ്രസവ വേദന ഉണ്ടായതിനെത്തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം സിവില്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഡോക്ടര്‍ അള്‍ട്രാ സൗണ്ട് സ്കാനിംഗ് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടു. അതിനായി അത്യാഹിത വിഭാഗത്തില്‍ എത്തിയെങ്കിലും ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
പ്രസവ വേദന തുടങ്ങിയ യുവതി ആശുപത്രി ഗേറ്റില്‍ രണ്ട് മണിക്കൂറോളം ചികില്‍സ കിട്ടാതെ കിടന്നു. മറ്റ് രോഗികള്‍ക്കൊപ്പം സഹായത്തിനായി നില്‍ക്കുന്നവരും യുവതിയുടെ ബന്ധുക്കളും ബെഡ് ഷീറ്റുകളും ഷാളുകളും കൊണ്ട് മറയുണ്ടാക്കി അതിനുള്ളിലായിരുന്നു പ്രസവം നടന്നത്. ഭാഗ്യവശാല്‍ കുട്ടിക്കോ മാതാവിനോ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായില്ല.
ദമ്പതികള്‍ക്ക് രണ്ട് വയസുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്. ഇപ്രാവശ്യത്തേത് പെണ്‍കുഞ്ഞാണ്. സംഭവം വിവാദമായതോടെ ഡോക്ടറേയും സ്റ്റാഫ് നഴ്സിനേയും ചീഫ് മെഡിക്കല്‍ ഓഫീസര്‍ സസ്പെന്‍ഡ് ചെയ്തു.

