ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്തിനെന്ന് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനോട് ഹൈക്കോടതി. കോടതിയില്‍ വെച്ച് പരിശോധിച്ച ദൃശ്യങ്ങള്‍ വീണ്ടും ആവശ്യപ്പെടുന്നത് എന്തിനെന്നും ഹൈക്കോടതി ആരാഞ്ഞു. ദൃശ്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ്‌ കോടതി ദിലീപിനോട് ചോദിച്ചത്.

അതേസമയം, ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. നടിയുടെ ശബ്ദത്തിന്‍റെ അളവ് കുറച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

വീഡിയോയില്‍ ഒരു സ്ത്രീ ശബ്ദം ഉണ്ട്. എന്നാല്‍, അത് ആരുടേതാണെന്ന് പരിശോധിച്ചിട്ടില്ല. ഇതറിയുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും പൊലീസ് വിവരങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നും ദിലീപിന്‍റെ അഭിഭാഷകന്‍ ആരോപിച്ചു.

നേരത്തേ, കേസ് പരിഗണനയിലിരുന്ന അങ്കമാലി കോടതിയിലും ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇത് ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കപ്പെട്ടേക്കാമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച്‌ കോടതി തള്ളുകയായിരുന്നു. അതേസമയം, ദിലീപിന്റെ അഭിഭാഷകനെ മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്, ദൃശ്യങ്ങളിലെ സ്ത്രീശബ്ദത്തില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന വാദവുമായി പ്രതിഭാഗം രംഗത്തെത്തിയത്.

 

prp

Related posts

Leave a Reply

*