ന്യൂഡല്‍ഹി: രാജ്യത്തെ 99 ശതമാനം സാധങ്ങളുടെയും നികുതി നിരക്ക് 18 ശതമാനത്തിന് താഴെയാക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരക്ക് സേവന നികുതി (ജി.എസ്.ടി.) ഘടനയില്‍ ഇളവു വരുത്തിയാണ് ഇത് സാധ്യമാക്കുകയെന്ന് മുംബൈയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
‘ജി.എസ്.ടി. പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്‌ത സംരംഭങ്ങളുടെ എണ്ണം 65 ലക്ഷമായിരുന്നു. എന്നാല്‍ ഇന്നതില്‍ 55 ലക്ഷത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി. നിരക്കായ 28 ശതമാനം നികുതി ഏതാനും ആഡംബര വസ്‌തുക്കള്‍ക്കു മാത്രമായി ചുരുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്’- മോദി പറഞ്ഞു.
ജി.എസ്.ടി. സംവിധാനം രാജ്യമെമ്പാടും ഏറക്കുറെ നിലവില്‍ വന്നുകഴിഞ്ഞു. അതിനെ സംരംഭക സൗഹൃദ നികുതിയായി മാറ്റുകയാണ് ലക്ഷ്യം. നിത്യോപയോഗ സാധനങ്ങളുള്‍പ്പെടെ 99 ശതമാനം സാധനങ്ങളുടെയും നികുതിനിരക്ക് 18 ശതമാനത്തിനു താഴെയാക്കും. ഏറെക്കാലമായി രാജ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നികുതി പരിഷ്‌കാരമാണ് ജി.എസ്.ടിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വികസിത രാജ്യങ്ങളില്‍ ചെറിയ നികുതി പരിഷ്‌കാരംപോലും നടപ്പാക്കാന്‍ എളുപ്പമല്ല. ജി.എസ്.ടി. വന്നതോടെ വിപണിയില്‍ നിലവിലുണ്ടായിരുന്ന പല തടസങ്ങളും നീങ്ങിയെന്നും സമ്പദ് വ്യവസ്ഥ സുതാര്യമായി തീര്‍ന്നെന്നും മോദി പറഞ്ഞു. അഴിമതി സര്‍വവ്യാപിയായിരുന്ന ഇന്ത്യയില്‍ അതു തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

