കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഉച്ചയ്ക്ക് ശേഷം ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിച്ചേക്കും.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് ജാമ്യാപേക്ഷയില്‍ ഉന്നയിച്ചിട്ടുണ്ട്. ആരോഗ്യം മോശമായെന്നും ജാമ്യാപേക്ഷയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. അതേസമയം ഫ്രാങ്കോ മുളക്കലിനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണമെന്ന് ഹൈക്കോടതി പറഞ്ഞു. പൊതുതാല്പര്യഹര്ജികള് ഹൈക്കോടതി തീര്‍പ്പാക്കി. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു.
കന്യാസ്ത്രീ നല്കിയ പീഡനപരാതിയില്‍ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസറ്റ് ചെയ്തത്. മൂന്ന് ദിവസം 20 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു നടപടി. രാത്രിയില്‍ തന്നെ കോട്ടയത്തെത്തിച്ച ബിഷപ്പിനെ ശനിയാഴ്ച ഉച്ചയ്ക്ക് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കേസ് ഗൗരവകരമെന്ന് നിരീക്ഷിച്ച കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി. തെളിവെടുപ്പിനും മറ്റുമായി രണ്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

