ചണ്ഡീഗഡ്: സ്വന്തം പിതാവിന്‍റെ അറിവോടെ അമ്മാവന്‍ മൂന്ന് മക്കളെ വെടിവെച്ച് കൊന്നു. സമര്‍, സമീര്‍, സിമ്രാന്‍ എന്നീ കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ പിതാവ് സോനു മാലിക്കിനെയും അമ്മാവന്‍ ജഗ്ദീപ് മാലിക്കിനെയും പൊലിസ് അറസ്റ്റ് ചെയ്തു.
കുരുക്ഷേത്ര ജില്ലയിലെ സര്‍സ ഗ്രാമത്തിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഞായറാഴ്ച 10 മണിയോടെ കളിക്കാന്‍ പോയ കുട്ടികളെ കാറില്‍ പിന്തുടര്‍ന്ന ജഗ്ദീപ് ഗീതാ ജയന്തി മഹോത്സവത്തിന് കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. തുടര്‍ന്ന് 110 കിലോ മീറ്ററോളം സഞ്ചരിച്ച് മോര്‍ണി വനമേഖലയില്‍ എത്തി. സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് വച്ച് ഏറ്റവും ഇളയ കുട്ടി സമീറിനോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു കഴിക്കാന്‍ എന്തെങ്കിലും വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കാടിനുള്ളിലേക്ക് കൂട്ടി കൊണ്ട് പോയി വെടിവെക്കുകയുമായിരുന്നു.
കാറിലെ സ്റ്റീരിയോ ഉയര്‍ന്ന് ശബ്ദത്തില്‍ വെച്ചതുമൂലം വെടി ശബ്ദം മറ്റ് കുട്ടികള്‍ കേട്ടില്ല . പിന്നീട് സിമ്രാനെയും ഇത്തരത്തില്‍ കാട്ടില്‍ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് തലക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് രണ്ടര കിലോ മീറ്ററോളം യാത്ര ചെയ്ത് സമറിനെയും കൊലപ്പെടുത്തി വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു.
നേരം വൈകിയിട്ടും കുട്ടികള്‍ എത്തി ചേരാത്തതിനെ തുടര്‍ന്ന് സോനുവിന്‍റെ ഭാര്യ സുമന്‍ ഗ്രാമീണരെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി പരിശോധന നടത്തുന്നതിനിടയില്‍ ഇരുവരുടെയും പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. സോനുവിന് ഹിമാചല്‍ പ്രദേശില്‍ മറ്റൊരു സ്തീയുമായി അടുപ്പമുണ്ടായിരുന്നെതായും പലതവണ ഇൗ പ്രശ്നത്തില്‍ വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ടെന്നും ബന്ധത്തിന് തടസമെന്ന നിലയില്‍ മക്കളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സോനുവിന്‍റെ പിതാവ് ആരോപിക്കുന്നത്. എന്നാല്‍ കൃത്യത്തിന് പിന്നിലെ യഥാര്‍ഥ കാരണം പൊലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.


