കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു.
സുപ്രധാനമായ പല മൊഴികളും രേഖകളും പൊലീസ് നല്‍കിയിട്ടില്ലെന്നും പൊലീസിന്‍റെ നടപടി ബോധപൂര്‍വമാണെന്നും കാണിച്ചാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇവ നല്‍കിയില്ലെങ്കില്‍ അത് തങ്ങളുടെ വാദത്തെ ബാധിക്കുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ ഡിസംബര്‍ 15 ന് ദിലീപ് കുറ്റപത്രവും അനുബന്ധ രേഖകളും കൈപ്പറ്റിയിരുന്നു. മറ്റ് പ്രതികളും കുറ്റപത്രം കൈപ്പറ്റിയിട്ടുണ്ട്. അതേസമയം, നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. തുടര്‍ന്ന് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തില്‍ ദിലീപിന്‍റെ സാന്നിധ്യത്തില്‍ അവ പരിശോധിക്കാന്‍ അഭിഭാഷകര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.
അതിനിടെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനുവരി ഒന്‍പതിന് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പറയും.

