ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്; രമ്യ ഹരിദാസിനെ വിമര്‍ശിച്ച് ദീപ നിഷാന്ത്

തൃശൂര്‍: രമ്യ ഇത് സ്റ്റാര്‍ സിംഗര്‍ തെരഞ്ഞെടുപ്പ് അല്ല, ലോക്‌സഭ തെരഞ്ഞെടുപ്പാണ്. പറയുന്നത് എഴുത്തുകാരിയും കോളേജ് അധ്യാപികയുമായ ദീപ നിഷാന്ത് ആണ്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പരസ്യവാചകങ്ങളെ വിമര്‍ശിച്ചാണ് ദീപ രംഗത്ത് വന്നിരിക്കുന്നത്.

രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്‍ ലോക്‌സഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം പി ആവും എന്നാണ് അവകാശവാദം. എന്നാല്‍ സിപിഐ നേതാവായിരുന്ന ഭാര്‍ഗവി തങ്കപ്പന്‍ 1971ല്‍ അടൂരില്‍ നിന്ന് ലോക്സഭാംഗമായത് മറന്നുപോയോ എന്ന് ദീപ നിശാന്ത് ചോദിക്കുന്നു. മറ്റൊന്ന്, പരസ്യവാചകത്തിലുള്ള മാളികപ്പുറത്തമ്മയാകലും തെരഞ്ഞെടുപ്പും തമ്മില്‍ എന്താണ് ബന്ധമെന്ന് ദീപ ചോദിക്കുന്നു.

പൗരസംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തെരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാര്‍ത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാന്‍സ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത്. ദീപ നിശാന്ത് ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആലത്തൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള വോട്ടഭ്യർത്ഥനയാണ്.ഇന്ത്യൻ യൂത്ത്‌ കോൺഗ്രസിന്റെ പേജിലാണ്‌ ആദ്യത്തെ ചിത്രം. ഫണ്ട് ശേഖരണത്തിനുള്ള പരസ്യവാചകം ശ്രദ്ധിക്കുക.’ രമ്യ തെരഞ്ഞെടുക്കപ്പെട്ടാൽ ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത്‌ വനിതാ എം പി ആവും’ എന്നാണ് അവകാശവാദം.ദീർഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാർഗവി തങ്കപ്പൻ 1971ലെ പൊതു തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യയുടെ എം പി യായി ലോകസഭയിൽ എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം.

രണ്ടാമത്തെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത് ബഹു. എം എൽ എ ശ്രീ.അനിൽ അക്കരയാണ്. തങ്ങളുടെ സ്ഥാനാർത്ഥി കടന്നു പോന്ന ജീവിതത്തിന്റെ വേനൽവിതാനങ്ങളും കനൽവഴികളും പറഞ്ഞ് വോട്ടഭ്യർത്ഥിക്കുന്നതിൽ തെറ്റൊന്നുമില്ല. മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യമെന്ന പ്രഖ്യാപനവും നന്നായിട്ടുണ്ട്.

ഒന്നോർക്കണം പൗരസംരക്ഷണത്തിനും നിയമനിർമ്മാണത്തിനും സദാ ജാഗരൂകരാകേണ്ട വ്യക്തികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യപ്രക്രിയയാണിത്. സ്ഥാനാർത്ഥി എത്ര മനോഹരമായി പാടുന്നു ,ഡാൻസ് കളിക്കുന്നു, ഏത് മതവിശ്വാസിയാണ് എന്നതൊന്നുമല്ല അവിടെ വിഷയമാകേണ്ടത് .ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ അല്ല നടക്കുന്നത് എന്ന സാമാന്യബോധം വോട്ടഭ്യർത്ഥന നടത്തുന്നവർ പുലർത്തണമെന്ന അപേക്ഷയുണ്ട്.ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിൽ ഇത്തരം കാര്യങ്ങൾ പറഞ്ഞല്ല വോട്ട് ചോദിക്കേണ്ടത്.

“ഒന്നു രണ്ടു ചിരട്ട കുടിപ്പോളം അച്ഛനുണ്ടോ വരുന്നെന്ന് നോക്കണം!

രണ്ടു നാലു ചിരട്ട കുടിച്ചെന്നാൽ ,അച്ഛനാരെടാ ഞാനെടാ, മോനെടാ ” എന്ന ചാരായ യുക്തിയാണ് മറുപടിയെങ്കിൽ സുലാൻ.

prp

Related posts

Leave a Reply

*