മുംബൈ : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂകയും ബധിരയുമായ യുവതിയെ പീഡിപ്പിച്ച മൂകനും ബധിരനുമായ യുവാവ് അറസ്റ്റില്‍. മുംബൈയിലെ വാകോലയിലാണ് സംഭവം.
രാത്രി 7.30 തോടെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് വരികയായിരുന്ന യുവതിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. കുതറിയോടിയ യുവതി വീട്ടിലെത്തി ഭര്‍ത്താവിനെ വിവരം അറിയിച്ചു. ഇതേപ്പറ്റി അന്വേഷിക്കാന്‍ ശാരീരികമായി യുവതിയുടെ അതേ കുറവുകളുള്ള ഭര്‍ത്താവും ബന്ധുക്കളായ രണ്ടുപേരും ചേര്‍ന്ന ഇയാളുടെ വീട്ടിലെത്തി.
എന്നാല്‍, അക്രമിയും സഹോദരനും ചേര്‍ന്ന് ഇവരെ മര്‍ദ്ദിച്ചു. അക്രമത്തെ കുറിച്ച് പരാതി നല്‍കാനായി യുവതിയും ഭര്‍ത്താവും വകോല പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും സംഭവം പോലീസിനു മുന്നില്‍ വിശദീകരിക്കാന്‍ കഴിയാഞ്ഞതിനാല്‍ നടപടിയെടുക്കാനായില്ല. ഇവര്‍ പറയുന്നത് മനസിലാക്കുന്നതിന് പരിശീലനം ലഭിച്ച ആളുടെ സഹായം തേടി പോലീസ് നിരവധിപ്പേരെ സമീപിച്ചുവെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
പിന്നീട് ഏറെ ശ്രമങ്ങള്‍ക്കൊടുവിലാണ് ഒരാളെ കണ്ടെത്താനായത്. ഇയാളുടെ സഹായത്തോടെ ദമ്പതികള്‍ തങ്ങള്‍ക്കെതിരായ അതിക്രമം വിവരിക്കുകയും ചെയ്തു. ദമ്പതികളുടെ പരാതി പ്രകാരം അക്രമിയായ യുവാവിനും സഹോദരനുമെതിരെ പോലീസ് കേസെടുത്തു. തുടര്‍ന്ന് പ്രധാന പ്രതിയെ അറസ്റ്റു ചെയ്തതായി പോലീസ് വ്യക്തമാക്കി. ഇയാളെ ഫെബ്രുവരി 27 വരെ പോലീസ് റിമാന്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ സഹോദരന് ഒളിവിലാണ്.

