തിരുവനന്തപുരം: സിമന്‍റിന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്ത്. വില വര്‍ദ്ധനവിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യുമായി വ്യാപാരിസംഘടനകള്‍ രംഗത്ത്.
വില വര്‍ദ്ധനവിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യാപാര സംഘടനകള്‍ വ്യക്തമാക്കി.
380 മുതല്‍ 430 രൂപവരെയാണ് സംസ്ഥാനത്തിപ്പോള്‍ ഒരുബാഗ് സിമന്‍റിന്‍റെ വില. 40 മുതല്‍ 50 രൂപ വരെയാണ് ഒറ്റ ദിവസം കൊണ്ട് വര്‍ദ്ധിപ്പിച്ചത്. പെട്ടന്നുണ്ടാക്കിയ വിലവര്‍ദ്ധനവിലൂടെ മാത്രം കമ്പനികള്‍ക്ക് 100 കോടിയോളം രൂപ അധികമായി ലഭിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സും കഴിഞ്ഞ ദിവസം വില വര്‍ദ്ധിപ്പിച്ചിരുന്നു. വിലവര്‍ദ്ധനവ് നിയന്ത്രിച്ചില്ലെങ്കില്‍ സിമന്‍റ് വ്യാപാരം ഗണ്യമായി കുറയുമെന്നും നിര്‍മ്മാണമേഖല സ്തംഭാനവസ്ഥയിലാവുമെന്നും വ്യാപാര സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയാനന്തര പുനര്‍നിര്‍മ്മാണങ്ങളെയും വിലവര്‍ദ്ധനവ് ബാധിക്കുമെന്നും സംഘടനകള്‍ പറഞ്ഞു.
കമ്പനികള്‍ തോന്നും പടി വിലവര്‍ദ്ധിപ്പിക്കുകയാണെന്നാണ് വ്യാപാര സംഘടനകളുടെ പരാതി. ഇതിനെതിരെ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വില്‍പ്പന നിര്‍ത്തിവെച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും വ്യാപാര സംഘടനകള്‍ വ്യക്തമാക്കി.
