പത്തനംതിട്ട: കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.
ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് സുരേന്ദ്രനെതിരെ തെളിവുകള്‍ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.
കെ. സുരേന്ദ്രന് പുറമേ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ചിത്തിര ആട്ട വിശേഷ സമയത്ത് ഇവരും സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ അക്രമ പ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ വാറണ്ടുള്ള സുരേന്ദ്രന്‍ ഇപ്പോഴും ജയിലിലാണുള്ളത്.

