ആലപ്പുഴ: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ഫഹദ് ഫാസിലിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയാണ് നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
ഫഹദിനോട് ചോദ്യം ചെയ്യലിന് ഹാജരാവാനും കോടതി അറിയിച്ചിട്ടുണ്ട്. നേരത്തേ, ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. മൊഴിയെടുക്കാന്‍ തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തണമെന്നായിരുന്നു നോട്ടീസ്.
കേസില്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന്‍റെ നിര്‍ദ്ദേശപ്രകാരം 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കേരളത്തില്‍ ഓടിക്കുന്നുവെന്ന് കണ്ടെത്തിയതോടെയാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യാം തേടി ഫഹദ് കോടതിയെ സമീപിച്ചത്.
അതിനിടെ പുതുച്ചേരിയില്‍ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഇന്ന് ഫഹദിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമച്ച് ഫഹദ് രണ്ടാമതും വാഹനം വാങ്ങിയതിനാണ് കേസെടുത്തിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

