തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കറുത്ത സ്റ്റിക്കറിനെക്കുറിച്ചുള്ള പ്രചാരണം ശക്തമാകുകയാണ്. വീടുകളുടെ ജനല്‍ ചില്ലുകളില്‍ ഒട്ടിച്ച നിലയില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടതോടെ അതിന് പിന്നില്‍ എന്തോ നിഗൂഢലക്ഷ്യം ഒളിച്ചിരിപ്പുണ്ടെന്ന ചിന്തയിലാണ് ജനങ്ങള്‍.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നുള്ള തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം മാധ്യമങ്ങളില്‍, പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വരുന്നുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാന പോലീസ് മേധാവി സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കും സൈബര്‍ സെല്ലുകള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അതോടൊപ്പം ഭീതിയുളവാക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ആശങ്കകള്‍ ഏതെങ്കിലും വ്യക്തികള്‍ അറിയിച്ചാല്‍ എത്രയുംവേഗം അതു സംബന്ധിച്ച അന്വേഷണവും തുടര്‍നടപടികളുമുണ്ടാകണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രധാനമായും തിരുവനന്തപുരം, എറണാകുളം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലെ ഏതാനും ചില വീടുകളിലാണ് ഇത്തരം കറുത്ത സ്റ്റിക്കറുകള്‍ പതിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ അതത് റെയ്ഞ്ച് ഐ.ജി. മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

