കണ്ണൂര്‍: കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പോരാടുന്ന വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ബിജെപിയുടെ കര്‍ഷക രക്ഷാ മാര്‍ച്ച് ഇന്ന്. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന കര്‍ഷകരക്ഷാമാര്‍ച്ച് ബിജെപി അഖിലേന്ത്യാ സെക്രട്ടറിയും നന്ദിഗ്രാം സമരനായകനുമായ രാഹുല്‍ സിന്‍ഹ ഉദ്ഘാടനം ചെയ്യും.
രാവിലെ 9 മണിക്ക് കീഴാറ്റൂര്‍ വയലില്‍ ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച് വൈകുന്നേരം 6 മണിക്ക് സ്റ്റേഡിയംകോര്‍ണറില്‍ സമാപിക്കും. സിനിമാ സംവിധായകന് അലിഅക്ബര്‍, സിനിമാതാരം മേനകസുരേഷ്, പുരോഗമനകലാസാഹിത്യസംഘം മുന്‍സംസ്ഥാനസമിതി അംഗമായിരുന്ന കവി കല്ലറ അജയന്, കവി മുരളിവെള്ളിതുരുത്തി, പരിസ്ഥിതി വിദഗ്ദരായ ഡോക്ടര്‍ സിഎം ജോയി, ഡോക്ടര്‍ ഇന്ദുചൂഢന് തുടങ്ങി കണ്ണൂര്‍ ജില്ലയിലെ ആയിരക്കണക്കിന് വരുന്ന പരിസ്ഥിതി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിചേരും.
കീഴാറ്റൂര്‍ വയലില്‍ റോഡ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അവസാനിപ്പിക്കുക, മണ്ണിന് വേണ്ടി പോരാടുന്ന സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുക, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തയാറാവുക, ബദല്‍ റോഡിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി കീഴാറ്റൂരില്‍ മാര്‍ച്ച് നടത്തുന്നത്.

