ബാലഭാസ്‌കറിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്‍റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് ചികിത്സ പുരോഗമിക്കുന്നത്. ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ബാലഭാസ്‌കറിന്‍റെയും ഭാര്യയുടെയും ചികിത്സയ്ക്കായി എയിംസില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതിനായി ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കേണ്ടതുണ്ട്.

ബാലഭാസ്‌കറിന്‍റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നിനോട് ചെറിയ തോതില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ ഉപയോഗ തോത് കുറച്ചിട്ടുണ്ട്. ഇതിനോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും നല്ല സൂചനയാണെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ബാലഭാസ്‌കറിന്‍റെ കഴുത്തിനും സുഷമ്‌നാ നാഡിക്കും ശ്വാസ കോശത്തിനും തകരാറുണ്ട്. കഴുത്തിലെ കശേരുക്കള്‍ക്ക് ക്ഷതമുണ്ടായതിനെ തുടര്‍ന്നുള്ള ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്‌നാ നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ പ്രാര്‍ത്ഥനയോടെയാണ് ഓരോ നിമിഷവും കഴിച്ചുകൂട്ടുന്നത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല മരിച്ചു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത് . ഭാര്യ ലക്ഷ്മിയേ കൂടാതെ ഡ്രൈവര്‍ അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ് .

prp

Related posts

Leave a Reply

*