സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കാനും അഭിനയിച്ച സിനിമ കാണാനും ബാലു ഇന്നില്ല

തിരുവനന്തപുരം: ഇതുവരെ ചെയ്തതിനേക്കാള്‍ വലിയ ഫ്യൂഷന്‍ പ്രോഗ്രാം. സ്ഥലം ന്യൂസിലാന്‍റ്. വേദിയില്‍ ഇന്ത്യയിലെ മുന്‍നിര കലാകാരന്മാര്‍. ആ സ്വപ്നം സഫലമാകാന്‍ കാത്തുനില്‍ക്കാതെയാണ് ബാലഭാസ്‌കറിന്‍റെ മടക്കം.

ഒരു സിനിമയില്‍ നായകനാകാനും സമ്മതം മൂളിയിരുന്നു. മഞ്ജുവാര്യര്‍ക്കൊപ്പം ഓസ്‌ട്രേലിയയില്‍ ‘സ്‌നേഹപൂര്‍വം’ സ്‌റ്റേജ്‌ ഷോ വിജയകരമായി നടത്തിയതിനു പിന്നാലെയാണ് ന്യൂസിലാന്‍റിലെ പരിപാടിക്ക് ബാലു ഒരുക്കം തുടങ്ങിയത്. ഫെബ്രുവരിയിലെ നാളുകള്‍ അതിനായി നീക്കിവയ്ക്കുകയും ചെയ്തു.

ഇന്ത്യയിലെയും വിദേശത്തെയും അതുല്യ സംഗീത പ്രതിഭകള്‍ ഒരുവേദിയില്‍ അണിനിരക്കുന്ന നിമിഷങ്ങള്‍. അത് ബാലുവിന്‍റെ സ്വപ്ന പദ്ധതിയായിരുന്നു. അതിന്‍റെ തയ്യാറെടുപ്പിലായിരുന്നു ബാലുവെന്നും ഷോ ഡയറക്ടര്‍ അശോക് കുമാര്‍ പറഞ്ഞു. മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫ്യൂഷനും ബാലഭാസ്‌കറിന്‍റെ സ്വപ്നമായിരുന്നു. മഞ്ജു വാര്യരോട് സംസാരിക്കുകയും അവര്‍ സമ്മതം മൂളുകയും ചെയ്തിരുന്നു. അഭിനയിച്ച സിനിമ കാണാനും ബാലഭാസ്‌കര്‍ കാത്തുനിന്നില്ല. ‘വേളി’എന്ന സിനിമയില്‍ ബാലഭാസ്‌കറായി തന്നെയാണ് അഭിനയിച്ചത്.

നാലു സീനുകളില്‍ പ്രത്യക്ഷപ്പെട്ട ബാലു ഡബ്ബിംഗ് തിരുവനന്തപുരത്തെ സ്റ്റുഡിയോയില്‍ പൂര്‍ത്തിയാക്കിയാണ് തൃശ്ശൂരിലേക്ക് പോയത്. തിരിച്ചുള്ള യാത്രയിലായിരുന്നു അപകടം. ഈ സിനിമക്കായി ബാലു നാലു പാട്ടുകളും ഒരുക്കിയിട്ടുണ്ട്. റെക്കോര്‍ഡിംഗും കഴിഞ്ഞു.

സിനിമയുടെ ഷൂട്ടിംഗും പൂര്‍ത്തിയായിരുന്നു. സംഗീതത്തിലെ പരമോന്നത ബഹുമതിയായ ഗ്രാമി പുരസ്‌കാരം ബാലു ഏറെ ആഗ്രഹിച്ചിരുന്നുവെന്ന് ഗായകനും അടുത്ത സുഹൃത്തുമായ മധു ബാലകൃഷ്ണന്‍ ഓര്‍മ്മിക്കുന്നു. മരണം സംഭവിക്കാതിരുന്നെങ്കില്‍ ഒരു പക്ഷേ, അതു ബാലുവിന്‍റെ കൈകളിലെത്തുമായിരുന്നു.

prp

Related posts

Leave a Reply

*