ബാലഭാസ്‌കറിനോട് വിഷ്ണുവിന് വിരോധം ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ബി. ശശികുമാര്‍

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതിയായ വിഷ്ണുവിന് ബാലഭാസ്‌കറിനോട് വിരോധം ഉണ്ടായിരുന്നെന്ന നിര്‍ണായക വെളിപ്പെടുത്തലുമായി ബാലുവിന്‍റെ അമ്മാവനും വയലിനിസ്റ്റുമായ ബി. ശശികുമാര്‍. ബാലഭാസ്‌കര്‍ അറിയാതെ തലസ്ഥാനത്തെ ഫ്ലാറ്റ് വാടകയ്ക്ക് കൊടുത്തത് ചോദ്യം ചെയ്തതിന്‍റെ പേരിലാണ് ഈ വിരോധമെന്നും ശശികുമാര്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്തെ ബാലുവിന്‍റെ ഫ്ലാറ്റിന്‍റെ നോട്ടക്കാരന്‍ വിഷ്ണു ആയിരുന്നു. ഫ്ലാറ്റ് ബാലുവിനെ അറിയിക്കാതെ കാല്‍ലക്ഷം രൂപയ്ക്ക് വിഷ്ണു പ്രതിമാസ വാടകയ്ക്ക് നല്‍കി. ഇതറിഞ്ഞതോടെ ബാലു വിഷ്ണുവുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് വാടകക്കാരെ വിഷ്ണുവിന് ഒഴിപ്പിക്കേണ്ടി വന്നു. ഗള്‍ഫില്‍ ചപ്പാത്തിക്കട തുടങ്ങാനെന്ന പേരില്‍ 20 ലക്ഷം രൂപ വിഷ്ണു ബാലുവിനോട് കടമായി ചോദിച്ചിരുന്നു. വിഷ്ണുവിനും പ്രകാശന്‍ തമ്പിക്കും പൂന്തോട്ടം ഗ്രൂപ്പിനുമെല്ലാം ബാലുവുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു.

ബാലഭാസ്‌കറിനൊപ്പം പ്രകാശനെയും വിഷ്ണുവിനെയും പലപ്പോഴും കണ്ടിട്ടുണ്ട്. ഇരുവരും മറ്റാരുടെയോ നിയന്ത്രണത്തിലായിരുന്നു. ആശുപത്രിയിലെ ഒരു മുറിയിലുണ്ടായിരുന്ന പാലക്കാട് സ്വദേശിയുമായിട്ടാണ് ഇരുവരും ചികിത്സ സംബന്ധിച്ച കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാലഭാസ്‌കറിന് തോളിന് വേദനയുണ്ടായപ്പോള്‍ സുഹൃത്തുക്കളാരോ ആണ് അവനെ ആയുര്‍വേദ ചികിത്സയ്ക്കായി പാലക്കാടേക്ക് കൊണ്ടുപോയത്. പിന്നീട് ഡോക്ടറുമായി അടുപ്പത്തിലായ ബാലുവിനെ അവര്‍ സാമ്പത്തികമായി ചൂഷണം ചെയ്തു.

ആശുപത്രി കെട്ടിടം നിര്‍മ്മിക്കാനും മകനെ വിദേശത്ത് അയച്ച് പഠിപ്പിക്കാനുമെല്ലാം ബാലുവില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കലാക്കിയ അവര്‍ ബാലു അപകടത്തില്‍പ്പെടുന്ന ദിവസം അവനെ തുടര്‍ച്ചയായി ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. അപകട ദിവസം അവരുടെ മകന്‍ ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നു. ബാലുവും കുടുംബവും തൃശൂരിലെ ക്ഷേത്രത്തില്‍ വഴിപാട് കഴിക്കാനെത്തുമെന്നറിഞ്ഞിട്ട് മകനെ തിരുവനന്തപുരത്തേക്ക് അയച്ചതില്‍ ദുരൂഹതയുണ്ട്.

ബാലുവുമായും കുടുംബവുമായും വര്‍ഷങ്ങളായി ബന്ധമുണ്ടായിരുന്ന വിഷ്ണുവും പ്രകാശനും അപകടത്തോടെ ആകെ മാറി. അതുവരെ സ്‌നേഹത്തോടെ പെരുമാറിയിരുന്ന അവര്‍ എന്നെയും ബാലഭാസ്‌കറിന്റെ അച്ഛനെയും ആശുപത്രിയില്‍ നിന്നു പോലും ഒഴിവാക്കാനാണ് ശ്രമിച്ചത്. അപകടമറിഞ്ഞ് ആശുപത്രിയില്‍ എത്തിയപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങളോട് പറയാന്‍ പോലും അവര്‍ തയ്യാറായില്ല. വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ബാലുവിന്‍റെ അച്ഛന്‍ താമസിച്ചിരുന്ന റൂം ഒഴിയണമെന്നുപോലും പ്രകാശന്‍ ആവശ്യപ്പെട്ടു.

മരിക്കുന്നതിന് തലേന്നാണ് ബാലുവിനെ ഞാന്‍ അവസാനമായി കണ്ടത്. അവ്യക്തമായി എന്തൊക്കെയോ അവന്‍ പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അടുത്തദിവസം റൂമിലേക്ക് മാറ്റാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എല്ലാം ഭേദമാകുമെന്ന് ആശ്വസിപ്പിച്ചാണ് തിരിച്ചിറങ്ങിയത്. ആരോഗ്യം ഭേദപ്പെട്ടുവരുന്ന വേളയില്‍ പൊടുന്നനെയായിരുന്നു മരണം.

അപകടത്തില്‍പ്പെട്ട കാറില്‍നിന്നുള്ള സാധനങ്ങള്‍ അടുത്തദിവസം പ്രകാശന്‍ തമ്പിയും വിഷ്ണുവും കൂടിയാണ് ഏറ്റുവാങ്ങിയത്. ബാലുവിന്‍റെ മരണത്തിനുശേഷം അവന്‍റെ ഭാര്യയെ കാണാന്‍ പോലും ബന്ധുക്കള്‍ക്ക് പ്രകാശന്‍റെ അനുമതി വേണ്ടിയിരുന്നു. ബാലുവിന്‍റെ മരണശേഷം അവന്‍റെ ഇടപാടുകളെല്ലാം പ്രകാശന്‍ തമ്പിയാണ് നടത്തുന്നത്. ബാലുവിന്‍റെ അച്ഛന്‍ പലതവണ തമ്പിയെ ഫോണില്‍ വിളിച്ചു. ഒരുതവണ ഫോണെടുത്ത പ്രകാശന്‍ ചൂടായെന്നും ശശികുമാര്‍ പറയുന്നു.

prp

Leave a Reply

*