കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി അക്രമിച്ച കേസില്‍ അനുബന്ധ കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കോടതി ഇന്ന് പ്രതികള്‍ക്ക് നല്‍കും. പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തുന്നതിനായി നേരിട്ട് ഹാജരാകണം എന്നാവശ്യപ്പെട്ട് അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് കോടതി നേരത്തെ സമന്‍സ് നല്‍കിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ദിലീപ് കഴിഞ്ഞ 16ാം തിയതി കോടതിയില്‍ ഹാജരാകുകയും കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈപ്പറ്റുകയും ഷൂട്ടിങ്ങുള്ളതിനാല്‍ 19 ന് നേരിട്ട് ഹാജരാകുന്നതിന് അസൗകര്യം ഉണ്ടെന്ന് ദിലീപ് കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. റിമാന്‍റ് കാലാവധി അവസാനിക്കുന്നതിനാല്‍ പള്‍സര്‍ സുനി അടക്കമുള്ള പ്രതികളെ ഇന്നായിരിക്കും കോടതിയില്‍ ഹാജരാക്കുക.
അഭിഭാഷകനൊപ്പം എത്തിയാണ് ദിലീപ് കുറ്റപത്രം കൈപ്പറ്റിയിരുന്നത്. ജാമ്യത്തില്‍ തുടരുന്നതിനുള്ള അപേക്ഷയും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസില്‍ ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
നവംബര്‍ 22 നാണ് ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഡിസംബര്‍ അഞ്ചിനാണ് കോടതി കുറ്റപത്രം സ്വീകരിച്ചത്. ആറാം തീയതി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോടതി സമന്‍സ് അയയ്ക്കുകയും ചെയ്തു. ഡിസംബര്‍ 19 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചത്.
