കൊച്ചി: എറണാകുളം മഹാരാജാസ് കൊളെജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊലക്കേസില്‍ മുഖ്യ പ്രതി പിടിയില്‍. ഒന്നാം പ്രതി മുഹമ്മദ് ആണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്‍റാണ് മുഹമ്മദ്. അഭിമന്യുവിന്‍റെ കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണ്. അതേസമയം നാല് പേര്‍ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
അതേസമയം അഭ്യുമന്യുവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യ പങ്കുണ്ടെന്ന് സൂചനയുണ്ട്. കൈവെട്ട് കേസിലെ പതിമൂന്നാം പ്രതി മനാഫ് ഗൂഢാലോചനയിലെ പ്രധാന പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളരുത്തി സ്വദേശി ഷമീര്‍ ആണെന്നും ഇരുവരും ഒളിവിലാണെന്നും പൊലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം, അന്വേഷണത്തെ തടസപ്പെടുത്താന്‍ എസ്ഡിപിഐ ശ്രമിക്കുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് പൊലീസ് പീഡനം ആരോപിച്ച് പ്രതികളുടെ ബന്ധുക്കളായ മൂന്ന് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇത്തരം ഹര്‍ജികള്‍ നല്‍കുന്നത് അന്വേഷണം തടസപ്പെടുത്താനാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, ക്യാമ്പസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകരുതെന്ന് ഹൈക്കോടതി പറഞ്ഞു. കോളെജുകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അവസാനിപ്പിക്കണം. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

