മുംബൈ: പാലിന് മികച്ച വില നല്‍കാതത്തില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ പാലില്‍ കുളിച്ച് പ്രതിഷേധിച്ചു. സ്വാഭിമാനി ശേത്കാരി സംഗതന്‍ എന്ന സംഘടന നടത്തുന്ന പ്രതിഷേധസമരങ്ങള്‍ക്ക് പിന്തുണയായാണ് വ്യത്യസ്തമായി കുളിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷകന്‍ തുനിഞ്ഞിറങ്ങിയത്. 35 ലിറ്റര്‍ പാലിലാണ് സാഗറിന്‍റെ പ്രതിഷേധക്കുളി നടന്നത്. മഹാരാഷ്ട്രി സോളാപൂരിലെ മംഗള്‍വേധ ടൗണില്‍ താമസിക്കുന്ന സാഗര്‍ എന്ന കര്‍ഷകനാണ് പാലില്‍ കുളിച്ച് പ്രതിഷേധിച്ചത്.
സ്വയം കുളിക്കുക മാത്രമല്ല തന്‍റെ കാലികളെയും ഇയാള്‍ പാലുപയോഗിച്ച് തന്നെ കുളിപ്പിച്ചു. രണ്ടുദിവസമായി കര്‍ഷകര്‍ക്ക് പാലിന് മികച്ച വില ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുകയാണ്. സ്വാഭിമാന്‍ ഷേത്കാരി സംഗതന്‍, മഹാരാഷ്ട്ര കിസാന്‍ സഭ എന്നീ സംഘടനകളാണ് സമരത്തിന്‍റെ മുന്‍നിരയില്‍. കേരളം, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലേതുപോലെ ലിറ്ററിന് അഞ്ചുരൂപ ക്ഷീര കര്‍ഷകര്‍ക്ക് നേരിട്ട് സബ്‌സിഡി നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
ഇതിന് പുറമെ വെണ്ണയ്ക്കും, പാല്‍പൊടിക്കും ജിഎസ്ടിയില്‍ ഇളവനുവദിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. തിങ്കളാഴ്ച സമരത്തിന്‍റെ ഭാഗമായി ടാങ്കറുകളില്‍ കൊണ്ടുപോയ ആയിരത്തോളം ലിറ്റര്‍ പാല്‍ സമരക്കാര്‍ തടഞ്ഞിരുന്നു. പാല്‍ നിറച്ച പാക്കറ്റുകള്‍ വഴിയില്‍ തള്ളിയ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം നഗരങ്ങളില്‍ പാലിന് ക്ഷാമം അനുഭവപ്പെട്ടെങ്കിലും ചിലയിടങ്ങളില്‍ സൗജന്യമായി പാല്‍ വിതരണം ചെയ്യുന്നുണ്ട്.
പ്രതിസന്ധി നേരിടാന്‍ ഗുജറാത്തില്‍ നിന്ന് പാല്‍ കൊണ്ടുവരാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന് സമരക്കാര്‍ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്ന് പാല്‍ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ സത്യാഗ്രഹം തുടങ്ങുമെന്നാണ് സമരക്കാര്‍ അറിയിച്ചിരിക്കുന്നത്.

