‘എന്ത് വിശ്വസിച്ച് പെണ്‍കുട്ടികളെ പുറത്ത് വിടും’?; മുഖ്യമന്ത്രിക്ക് ഒരച്ഛന്‍റെ കത്ത്;

കൊച്ചി:  വനിതാമതിലും സ്ത്രീ സുരക്ഷയും ലിംഗസമത്വവുമെല്ലാം ചര്‍ച്ചയാകുന്ന കേരളത്തില്‍ മുഖ്യമന്ത്രിയോട് ഇതാ ഒരു പെണ്‍കുട്ടിയുടെപിതാവിന്‍റെ ചോദ്യം ‘എന്ത് വിശ്വസിച്ച് രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ പുറത്ത് വിടും’.  തന്‍റെ മകള്‍ക്കു കഴിഞ്ഞ ദിവസം ഫോര്‍ട്ട്‌കൊച്ചിയിലുണ്ടായ അനുഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഫോര്‍ട്ട്‌കൊച്ചി സ്റ്റേഷനില്‍ പരാതി നല്‍കിയത്. നടപടിയില്ലാത്തതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തെഴുതി.

പ്രതികളെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പിതാവ് മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി വൈകിട്ട് ഏഴുമണിക്ക് തന്‍റെ ഫ്ലാറ്റിലേക്കു നടക്കുമ്പോള്‍ ബൈക്കില്‍ എത്തിയ ഒരാള്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. കരഞ്ഞുകൊണ്ട് പൊലീസുകാരെ കാണുന്നതുവരെ ഓടിയതു കൊണ്ടു മാത്രം കഷ്ടിച്ചു രക്ഷപെട്ടു. പരാതിയുമായി പലതവണ സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും അനുകൂലമായ നിലപാടു സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണു ബിസിനസുകാരനായ പിതാവ് മുഖ്യമന്ത്രിക്കു കത്തെഴുതിയത്.

ആയിരക്കണക്കിനു പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടിയാണു താന്‍ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങുന്നത്. ഇനിയും അവള്‍ പുറത്തിറങ്ങുമ്പോള്‍ ഇങ്ങനെ സംഭവിക്കില്ല എന്നതിന് എന്തുറപ്പാണു നല്‍കാനാവുക? തകര്‍ന്ന ഹൃദയവും പേറി ഈ പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി എവിടെയാണ് ഇനി പരാതി പറയേണ്ടത്? ഒരിക്കലും സംഭവിക്കരുതാത്തതാണ് മകള്‍ക്ക് അനുഭവിക്കേണ്ടി വന്നത്.

പൊലീസില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. പ്രതിയെ പിടികൂടാന്‍ പൊലീസ് ചെറുവിരല്‍ പോലും അനക്കിയില്ല. കുറ്റവാളി ഇപ്പോഴും പരിസരങ്ങളില്‍ തന്നെയുണ്ട്. പൊലീസിനെയോ നിയമ സംവിധാനങ്ങളെയോ ഭയപ്പെടാതെ അയാളിപ്പോഴും അടുത്ത ഇരയ്ക്കായി കറങ്ങി നടക്കുകയായിരിക്കാം.

ജനങ്ങള്‍ക്കുവേണ്ടി എന്ന പേരില്‍ പൊലീസും സര്‍ക്കാരും നടത്തുന്നതു വെറും കസര്‍ത്തുകളാണ്. ഇവിടെ നടക്കുന്നതു നീതിയല്ല, സ്ത്രീ സമത്വത്തിനു വേണ്ടി എന്ന പേരില്‍ സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം നല്ലതാണ്. പക്ഷേ അതിനേക്കാള്‍ അത്യാവശ്യമായത് അവരുടെ സുരക്ഷയാണ്. വീടിന് അകത്തായാലും പുറത്തായാലും പെണ്‍കുട്ടികളുടെ സുരക്ഷ അടിസ്ഥാന മനുഷ്യാവകാശവും രാജ്യത്തിന്‍റെ ഉത്തരവാദിത്തവുമാണ്.

രാജ്യത്തിലും നിയമ സംവിധാനങ്ങളിലുമുള്ള ഞങ്ങള്‍ മാതാപിതാക്കളുടെ വിശ്വാസ്യതയ്ക്കു കോട്ടം വരികയാണ്. ഈ രാജ്യത്തു മക്കള്‍ സുരക്ഷിതരായിരിക്കുമെന്നതു തെറ്റായ പ്രതീക്ഷയായി മാറിയിരിക്കുകയാണ്. സ്വന്തം മകള്‍ക്കായിരുന്നു ഇതു സംഭവിച്ചിരുന്നതെങ്കില്‍ എന്തു നടപടി സ്വീകരിക്കുമായിരുന്നു എന്നതു പോലെ നടപടികളെടുക്കാനാണ് അഭ്യര്‍ഥന. ഒരു പിതാവെന്ന നിലയിലുള്ള അപേക്ഷയാണിത് – പരാതിയിയില്‍ പറയുന്നു.

ക്യാമറകള്‍ പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയുടെയോ സംഭവത്തിന്‍റെയോ ചിത്രങ്ങളൊന്നും കാണാന്‍ കഴിഞ്ഞില്ലെന്നും 100 മീറ്റര്‍ അകലെയുളള മറ്റൊരു ക്യാമറയില്‍ സംഭവം നടന്ന സമയത്ത് ബൈക്ക് പാഞ്ഞുപോകുന്നതായി കാണുന്നുണ്ടെന്നും സിഐ പറഞ്ഞു. എന്നാല്‍, നമ്പര്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും സിഐ അറിയിച്ചു

prp

Related posts

Leave a Reply

*