കോട്ടയം: കെവിന് വധക്കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിലിരിക്കെ ബന്ധുക്കളുമായി വിഡിയോ കോള്‍ നടത്തിയ സംഭവം അന്വേഷിക്കാന്‍ കോട്ടയം എസ്.പിയുടെ ഉത്തരവ്. സംഭവം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.
വെള്ളിയാഴ്ച ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നില്‍ പ്രതികളെ ഹാജരാക്കാനായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. കോടതി വളപ്പില്‍ നിന്ന് പ്രതിയായ ഷെഫിന് വീട്ടുകാരുമായി വിഡിയോ കോളിലൂടെ സംസാരിക്കുകയായിരുന്നു.
നാലരക്കായിരുന്നു പ്രതികളെ കോടതിയില്‍ എത്തിച്ചത്. കോടതി വളപ്പില്‍ നില്ക്കുമ്പോള് ഷെഫിനെ കാണാനെത്തിയ സ്ത്രീ അവരുടെ ഫോണില്‍ നിന്ന് ഷെഫിന്റെ ബന്ധുക്കളെ വിളിക്കുകയായിരുന്നു. പൊലീസ് വാഹനത്തിലിരിക്കുകയായിരുന്ന ഷെഫിന് സ്ത്രീയുടെ കൈയിലുള്ള ഫോണിലൂടെ വീട്ടുകാരോട് സംസാരിച്ചു. ഇത് പൊലീസ് ഉദോഗസ്ഥര്‍ നോക്കി നില്ക്കുന്നുണ്ടായിരുന്നു. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് അന്വേഷിക്കാന്‍ എസ്.പി ഉത്തരവിട്ടത്.

