തിരുവനന്തപുരം:സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത. കേരളത്തില്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സൂചന നല്കി. ഇന്ധനവില കൂടിയത് മോട്ടോര്‍വാഹന വ്യവസായത്തെ ദോഷകരമായി ബാധിച്ചുവെന്നും പറഞ്ഞു.
പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. ഇത്തരം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും പിണറായി നിയമസഭയില്‍ അഭിപ്രായപ്പെട്ടു. പുതിയ ഗതാഗത മന്ത്രി ചുമതലയേറ്റ ശേഷം ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതു പരിഗണിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും തീരുമാനം അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലേക്കു മാറ്റുകയായിരുന്നു. ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് ബുധനാഴ്ച രാത്രി മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ റിപ്പോര്‍ട്ട് പഠിച്ച് വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പണിമുടക്ക് മാറ്റി വെച്ചത്.
മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. കിലോമീറ്റര്‍ ചാര്‍ജ് 80 പൈസയായി ഉയര്‍ത്തണം. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് അഞ്ചു രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നു. 2014 മെയ് 20നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.

