ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോകസ്ഭയില്‍ അവതരിപ്പിച്ചു തുടങ്ങി. 2019ലെ പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബജറ്റാകും അദ്ദേഹം അവതരിപ്പിക്കുക എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകും.
ആദായ നികുതി പരിധിയില്‍ മാറ്റം ഉള്‍പ്പെടെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലവര്‍ദ്ധനയില്‍ ധനമന്ത്രി എന്തു തീരുമാനമെടുക്കുമെന്നതും നിര്‍ണ്ണായകമാണ്.
ജി.എസ്.ടി. നടപ്പായതിനുശേഷമുള്ള ആദ്യത്തെ ബജറ്റാണിത്. കാര്‍ഷിക, വ്യാവസായിക മേഖലകളില്‍ വളര്‍ച്ച കുറവാണെന്ന് സാമ്ബത്തിക സര്‍വേ വെളിപ്പെടുത്തിയിരുന്നു. ഈ രണ്ടു മേഖലകള്‍ക്കും ഗ്രാമീണമേഖലയ്ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും ബജറ്റ്. ര്‍ഷകപ്രിയമായിരിക്കും ബഡ്ജറ്റെന്നാണ് കരുതുന്നത്. പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ജി.എസ്.ടി. കൗണ്‍സിലാണ്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കില്ല.
ആദായനികുതിയില്‍ ഇളവ്, നികുതി സ്ലാബില്‍ ചില മാറ്റങ്ങള്‍, പുതിയ പ്രത്യക്ഷ നികുതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. കോര്‍പ്പറേറ്റ് നികുതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ഇത് നാലുകൊല്ലംകൊണ്ട് 30-ല്‍ നിന്ന് 25 ശതമാനമാക്കുമെന്ന് 2015-’16-ലെ ബജറ്റില്‍ മന്ത്രി ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
വടക്കു-കിഴക്കന്‍ മേഖലയുടെ വികസനത്തിന് പ്രത്യേക പദ്ധതികളോ കൂടുതല്‍ നീക്കിയിരിപ്പോ ഉണ്ടാകും. വനിതാക്ഷേമപദ്ധതികള്‍ക്കും അവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്. സ്ത്രീത്തൊഴിലാളികള്‍ പി.എഫില്‍ അടയ്ക്കുന്ന വിഹിതം കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഉണ്ടാകുമെന്ന് സൂചനയുണ്ട്. സ്ത്രീ ശാക്തീകരണത്തിന് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

