കോട്ടയം: തോമസ് ചാണ്ടിയ്ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോട്ടയം വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലെ അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിധി.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് അഴിമതിയും അധികാരദുര്‍വിനിയോഗവും നടത്തിയെന്നുകാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് എം. തീക്കാടന്‍ നല്‍കിയിരുന്ന പരാതിയില്‍ നവംബര്‍ നാലിനാണ് കോട്ടയം വിജിലന്‍സ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍, കേസിലുള്‍പ്പെട്ട ചില ആളുകളുടെ മൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്ന് കോടതിയെ അറിയിച്ച് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നാഴ്ചത്തെ സമയം തേടി. തോമസ് ചാണ്ടി വിദേശത്തായതിനാലും പരാതിയില്‍ ആരോപണ വിധേയരായ മുന്‍ കലക്ടര്‍മാര്‍ ഔദ്യോഗിക ആവശ്യത്തിന് സംസ്ഥാനത്തിന് പുറത്തുപോയതിനാലും മൊഴിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, രണ്ടാഴ്ചമാത്രം അനുവദിച്ച കോടതി റിപ്പോര്‍ട്ട് വ്യാഴാഴ്ച സമര്‍പ്പിക്കാനും നിര്‍ദേശിച്ചു. സമയം നീട്ടിനല്‍കില്ലെന്ന് അന്ത്യശാസനയും നല്കി. ഇതിനെതുടര്‍ന്നാണ് വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
