ശത്രുവിനെ നിലംപരിശാക്കുന്ന ബ്രഹ്മാണ്ഡ മിസൈല്‍ അണിയറയില്‍ ഒരുങ്ങുന്നു, ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്

ന്യൂഡെല്‍ഹി : ( 25.11.2020) ശത്രുവിനെ നിലംപരിശാക്കുന്ന ബ്രഹ്മാണ്ഡ മിസൈല്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. കരയിലെ ശത്രുലക്ഷ്യങ്ങള്‍ കൃത്യമായി ആക്രമിച്ച്‌ തകര്‍ക്കാനുള്ള ശേഷി ആവര്‍ത്തിച്ച്‌ തെളിയിച്ചു കൊണ്ട് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ കരസേനാ പതിപ്പ് കഴിഞ്ഞദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പരീക്ഷണ റേഞ്ചില്‍ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു പരീക്ഷണം. മിസൈലുകള്‍ കുത്തനെ കുതിച്ചുയര്‍ന്ന ശേഷം ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യത്തിന്റെ മുകളില്‍ കൃത്യമായി പതിക്കുകയായിരുന്നു. ശബ്ദത്തിന്റെ 2.8 മടങ്ങ് വേഗതയുള്ള മിസൈലാണ് പരീക്ഷിച്ചത് . ശത്രുലക്ഷ്യങ്ങളെ മുകളില്‍ നിന്ന് ആക്രമിക്കുന്ന പരീക്ഷണമാണ് നടന്നത്.
ലോകരാജ്യങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സൂപ്പര്‍സോണിക് മിസൈലാണ് ഇന്ത്യ റഷ്യ സംയുക്തമായി വികസിപ്പിച്ച ബ്രഹ്മോസ്. കര വ്യോമ നാവിക പതിപ്പുകളില്‍ ശക്തിയും കൃത്യതയും നടത്തിയ പരീക്ഷണങ്ങളിലെല്ലാം തെളിയിച്ച ഈ മിസൈല്‍ മറ്റു രാജ്യങ്ങള്‍ക്ക് വില്‍ക്കുവാനുള്ള തീരുമാനവും അടുത്തിടെ ഇരു രാജ്യങ്ങളും ചേര്‍ന്ന് കൈക്കൊണ്ടിരുന്നു. ശത്രുവിനെ നിലംപരിശാക്കുന്ന ഈ മിസൈലിന്റെ ആക്രമണ ശേഷി ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ഇതനുസരിച്ച്‌ 800 കിലോമീറ്റര്‍ റേഞ്ചുള്ള ബ്രഹ്മോസ് ഇരു രാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിച്ചു വരുന്നു എന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇതിനു മുന്‍പായി 450 കിലോമീറ്റര്‍ പ്രഹരപരിധിയുള്ള പതിപ്പ് സേനയുടെ ഭാഗമാകുമെന്ന പ്രത്യേകത കൂടിയുണ്ട്.

കഴിഞ്ഞദിവസം 290 കിലോമീറ്റര്‍ പ്രഹരപരിധിയുമുള്ള മിസൈല്‍ ആണ് പരീക്ഷിച്ചത്. ബ്രഹ്മോസ് മിസൈലിന്റെ നാവിക, വ്യോമസേനാ പതിപ്പുകള്‍ ഉപയോഗിച്ചും സമാനമായ പരീക്ഷണങ്ങള്‍ ഈയാഴ്ച തന്നെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നടത്തുമെന്ന് പ്രതിരോധ കേന്ദ്രങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടങ്ങിയ ശേഷം ഇന്ത്യ തുടര്‍ച്ചയായി നടത്തുന്ന വിവിധ മിസൈല്‍ പരീക്ഷണങ്ങളുടെ ഭാഗമാണിത്. ലഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനയ്ക്ക് മുന്നറിയിപ്പായി ഇതിനകം തന്നെ ഇന്ത്യ ബ്രഹ്മോസ് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്.

prp

Leave a Reply

*