ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ഥിനികളുടെ കൂട്ട മരണം ആത്മഹത്യയെന്ന് സൂചന. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളും രാമപുരം സ്വദേശികളുമായ രേവതി, ശങ്കരി, ദീപ, മോനിഷ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മോശം പഠനനിലവാരം മൂലം മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേരോടും അധ്യാപിക ആവശ്യപ്പെട്ടിരുന്നെന്നും ഇതിന്‍റെ പേരില്‍ വഴക്കു പറഞ്ഞിരുന്നതായും പോലീസ് പറഞ്ഞു. സംഭവ ദിവസം ഉച്ച ഭക്ഷണത്തിന് ശേഷം നാല് പേരും ക്ലാസില്‍ പോയിരുന്നില്ല. തുടര്‍ന്ന് വീട്ടിലും എത്താതിരുന്ന ഇവരെ അന്വേഷിച്ച് നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് സ്കൂളില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ 80 അടി താഴ്ചയുള്ള കിണറിനടുത്ത് ബാഗും സൈക്കിളുകളും കണ്ടത്.
ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. പോലീസ് കിണറ്റില്‍ നടത്തിയ തിരച്ചിലില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. രാവിലെയോടെ മോനിഷയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. അധ്യാപിക വഴക്കു പറഞ്ഞിരുന്നതായും അതിനെ തുടര്‍ന്ന് മകള്‍ ദുഖിതയായായിരുന്നുവെന്നും മോനിഷയുടെ പിതാവ് പറഞ്ഞു.

