കെയ്റോ: ഈജിപ്തില്‍ പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ 235 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഈജിപ്തിലെ വടക്കന്‍ സിനായിലെ അല്‍ റൗഡ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ബോംബ് സ്ഫോടനവും വെടിവയ്പ്പും നടന്നത്.
നാല് വാഹനങ്ങളിലായി എത്തിയ ഭീകരര്‍ വിശ്വാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഫോടനം നടത്തിയ ശേഷമാണ് വെടിവെയ്പ്പ് നടന്നത്. പരിഭ്രാന്തരായി ചിതറിയോടിയ ആളുകളെ ഭീകരര്‍ വെടിവച്ചുവീഴ്ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിടിച്ചു നിര്‍ത്തി വെടി വെച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഭീകരവാദം ശക്തമായിക്കൊണ്ടിരിക്കുന്ന ഈജിപ്തില്‍, സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
അതേസമയം ഭീരുത്വം നിറഞ്ഞ ആക്രമമാണ് ഇതെന്ന് യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ലോകം ഭീകരതയെ സഹിക്കില്ല. കൂടുതല്‍ കരുത്തോടെ തന്നെ അവരെ തോല്‍പ്പിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

