താരാരാധന ജനാധിപത്യത്തിന് ഭീഷണിയോ?

കേരളം ഇലക്ഷന്‍ ചൂടിലെയ്ക്ക് പ്രവേശിച്ചിരിക്കുകയാണ്. അടുത്ത മന്ത്രി സഭ ആര് നയിക്കും എന്നതിനെചൊല്ലി സര്‍വേകളും തീപിടിച്ച ചര്‍ച്ചകളും നടക്കുന്നതിനിടെ

ഇലക്ഷനില്‍ ആരെല്ലാം ഓരോ പാര്‍ട്ടിയെയും പ്രതിനിധാനം ചെയ്ത് മത്സരിക്കും എന്ന വിഷയത്തിലും ചൂടേറിയ ചര്‍ച്ചകളാണ് കേരളമെമ്പാടും.

ഇതില്‍ ഏറ്റവും ചൂട് പിടിച്ചിരിക്കുന്ന ഒരു വിഷയമാണ് സിനിമാതാരങ്ങളെ ഇലക്ഷനില്‍ മത്സരിപ്പിക്കുന്നത്. സിദ്ധിഖും, ജഗദീഷും, സുരേഷ് ഗോപിയുമെല്ലാം ജനവിധി തേടി ഇത്തവണ മത്സരമുഖത്ത് എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഓരോ പാര്‍ട്ടിയെയും പ്രതിനിധീകരിച്ച് ഇവര്‍ മത്സരിക്കാന്‍ എത്തുന്നതിനെ ജനങ്ങള്‍ എങ്ങിനെ സ്വീകരിക്കുമെന്നത് നന്നായി അറിഞ്ഞുകൊണ്ട് തന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ ഇവരെ പോര്‍മുഖത്തേക്ക് എത്തിച്ചിരിക്കുന്നത് എന്ന് വേണം കരുതാന്‍. താരങ്ങളെ ആരാധിക്കുന്ന ഒരു പറ്റം അല്ലെങ്കില്‍ ഒരു കൂട്ടം ആളുകളുടെ വോട്ടുകള്‍ അനായേസേന നേടുവാനുള്ള കുശാഗ്രബുദ്ധി കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ തോന്നിയതല്ല. കഴിഞ്ഞ പാര്‍ലിമെന്‍റ് ഇലക്ഷനില്‍ പ്രശസ്ത നടന്‍ ഇന്നസെന്‍റിനെ ഇരിഞ്ഞാലക്കുടയില്‍ നിന്നും മത്സരിപ്പിച്ച് ജയിപ്പിച്ചത് ഈ ഈസി വോട്ട് നേടല്‍ പരിപാടിയുടെ ആദ്യ പടിയായി വേണമെങ്കില്‍ എടുക്കാം. പരീക്ഷണാര്‍ത്ഥം മത്സരിക്കാന്‍ നിര്‍ത്തിയെങ്കിലും പല പ്രമുഖ നടന്മാരുടെയും മറ്റും അകമഴിഞ്ഞ പിന്തുണ ഇന്നസെന്‍റിന് നേടിയെടുക്കുവാനും, ഇതിലൂടെയെല്ലാം ചുളുവില്‍ ജയിച്ച് പാര്‍ലിമെന്‍റ് പടി കയറുവാനും അദ്ദേഹത്തിനു സാധിച്ചിരുന്നു. ഇതേ തന്ത്രമാണ് ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പിലും പാര്‍ട്ടികള്‍ സ്വായത്തമാക്കിയിരിക്കുന്നത്.

election

തമിഴ്നാടിലും ഉത്തരേന്ത്യയിലെ പലയിടങ്ങളിലും കണ്ടുവരുന്ന ഒരു പ്രവണത അടുത്തകാലങ്ങളിലായി കേരളത്തിലും കാണുവാന്‍ തുടങ്ങിയിരിക്കുകയാണ്. താരാരാധന മുതലെടുത്ത്‌ വര്‍ഷങ്ങളായി ഇത്തരം സംസ്ഥാനങ്ങളിലെല്ലാം സിനിമാതാരങ്ങളെ ഇലക്ഷന് നിര്‍ത്തി ജയിപ്പിച്ചിട്ടുണ്ട്. ഇതേ നയം കേരളത്തിലും സജീവമായി ഉപയോഗിക്കുവാന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളെ പ്രേരിപ്പിച്ചത്  എളുപ്പം വോട്ടുകള്‍ നേടിയെടുക്കുവാന്‍ തന്നെ എന്ന് വേണം വിലയിരുത്താന്‍.  സിനിമയില്‍ കഥാപാത്രത്തെ പകര്‍ന്നാടുന്നവര്‍ക്ക് രാജ്യത്തിന്‍റെ ഉന്നമനത്തിനും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പ്രതിവിധി എങ്ങിനെ നേടിത്തരുവാന്‍ സാധിക്കുമെന്ന് കണ്ടു തന്നെ അറിയണം. സമൂഹ്യപ്രവര്‍ത്തനങ്ങളും മറ്റും നടത്തി സിനിമയില്‍ പറയുന്നപോലെ തീപാറുന്ന ഡയലോഗുകളില്‍ ഒതുങ്ങുന്നതല്ല ഒരു രാഷ്ട്രീയ സേവനം എന്ന് കേരളത്തിലെ ജനം അറിയേണ്ടിയിരിക്കുന്നു.

താരങ്ങളെ ഇലക്ഷന് മത്സരിപ്പിക്കുന്നതില്‍ പലയിടത്തും അമര്‍ഷവും വിയോജിപ്പും രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ ഇപ്പോള്‍ തന്നെ കാണുവാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു രാഷ്ട്രീയകരുനീക്കമാണെങ്കിലും ഇത് ജനങ്ങള്‍ ചിന്തിക്കേണ്ട ഒരു വസ്തുത തന്നെയാണ്. താരങ്ങളുടെ ആരാധനയില്‍ ജനഹിതം കാണുന്നത് തീര്‍ത്തും അപഹാസ്യകരമാണ്.

പ്രബുദ്ധ കേരളം തങ്ങളുടെ ജനനായകന്മാരെ തിരഞ്ഞെടുക്കുന്നതില്‍ തെറ്റ് വരുത്താതെ വോട്ട് ചെയ്യുമെന്ന് വിശ്വസിക്കാം.

 

 

 

prp