സൂര്യതാപമേറ്റ് കാലടി സ്വദേശി മരിച്ചു; കനത്ത മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്തെ ചില ജില്ലകളില്‍ ചൂട് നാല് ഡിഗ്രിവരെ കൂടാമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം കാലടിയില്‍ യുവതി സൂര്യാതപമേറ്റ് മരിച്ചു. കാലടി നായത്തോട് വെളിയത്തു കുടി സുഭാഷിന്‍റെ ഭാര്യ അനില (42) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം കാലടി ടൗണില്‍ അനില കുഴഞ്ഞുവീണിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണം സൂര്യാതാപമേറ്റാണെന്ന് വ്യക്തമായത്.

മാര്‍ച്ചിലെ ശരാശരിയില്‍ നിന്ന് ഇപ്പോള്‍ പൊതുവേ രണ്ട് ഡിഗ്രി വരെ ചൂട് കൂടുതലാണ്. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി ചൂട് ഉയര്‍ന്നേക്കും.

25, 26 തീയതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൂന്ന് മുതല്‍ നാല് വരെ ഡിഗ്രി വരെയാണ് ചൂടിന്‍റെ കാഠിന്യമേറുക. 25, 26 തീയതികളില്‍ തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഡിഗ്രി വരെ ചൂട് ഉയര്‍ന്നേക്കാം. മലബാര്‍ ജില്ലകളില്‍ ചൂട് അനിയന്ത്രിതമായി കൂടുന്നത് സൂര്യാഘാതത്തിന് ഉള്‍പ്പടെ കാരണമായേക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 36 മുതല്‍ 40 ഡിഗ്രി വരെ ചൂടാണ് അനുഭവപ്പെട്ടത്. പാലക്കാട് മുണ്ടൂരില്‍ തുടര്‍ച്ചയായ നാലാം ദിവസവും 40 ഡിഗ്രിയാണ് ചൂട് അനുഭവപ്പെടുന്നത്. കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം പാലക്കാടാണ് കൂടിയ ചൂട് അനുഭവപ്പെടുന്നത്. തൃശൂര്‍ വെള്ളാനിക്കരയില്‍ 37.7 ഡിഗ്രിയും പുനലൂരില്‍ 37.6 ഡിഗ്രിയും ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നും പൊള്ളലേറ്റ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പൊള്ളലേറ്റ കേസുകള്‍ ഏറ്റവുമധികം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊല്ലം ജില്ലയില്‍ മാത്രം സൂര്യഘാതമേറ്റത് ഏഴ് പേര്‍ക്കാണ്. ഇവിടെ ഒരാള്‍ സൂര്യാഘാതമേറ്റ് മരിച്ചതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കു എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

പകല്‍ 11നും മൂന്ന് മണിക്കും ഇടക്കുള്ള സമയത്ത് തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫെബ്രുവരി ആദ്യ ആഴ്ച മുതലാണ് കേരളത്തിലെ അന്തരീക്ഷ താപനിലയില്‍ വര്‍ദ്ധനവുണ്ടായത്. നിലവില്‍ അനുഭവപ്പെടുന്ന ചൂട് മെയ് മാസം വരെ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്.

prp

Related posts

Leave a Reply

*