അത്യാധുനിക യുഗത്തിലേയ്ക്ക് ചുവടുവെച്ച് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്. ഞായറാഴ്ച രാവിലെ 11ന് സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വി എസിന്റെ നവമാധ്യമ പ്രചാരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍വഹിക്കും. കേരളത്തിന്റെ സമഗ്രമുന്നേറ്റത്തില് ഒപ്പം സഞ്ചരിച്ച വി എസിന്റെ പോരാട്ടങ്ങളുടെ നേര്‍സാക്ഷ്യങ്ങള്‍ പകര്‍ത്തി വെച്ചിരിക്കുന്നതാണ് വെബ് ലോകം. വാക്കുകളായും, വരകളായും, ചലനചിത്രങ്ങളായും ഇവ പേജുകളില്‍ തെളിയും.
ബാല്യം, പൊതുപ്രവര്‍ത്തനം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സിപിഐ എമ്മിന്ന്റെയും പോരാട്ടകഥകള്‍, ചോരയും കണ്ണീരും കിനിയുന്ന പ്രക്ഷോഭക്കാഴ്ചകള്‍, നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടങ്ങള്‍– ഇവക്കൊപ്പം കാര്‍ടൂണ്‍ ശേഖരവും വെബ് ലോകത്തിലുണ്ട്. ഫെയ്സ് ബുക്കിലും ട്വിറ്ററിലുമായി ഡിജിറ്റല്‍ ലോകത്തെ സന്ദര്‍ശകര്‍ക്ക് വി എസുമായി സംവദിക്കാനും അവസരമുണ്ടാകും.
ഉദ്ഘാടന ചടങ്ങില്‍ സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന് വി എസിന്റെ ഫെയ്സ് ബുക്ക് അക്കൌണ്ടും, വിക്ടോറിയ കോളേജ് യൂണിയന് ചെയര്മാന് ആനന്ദ് ജയന് ട്വിറ്റര്‍ അക്കൌണ്ടും തുറക്കും. മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് വെബ് ലോകം പരിചയപ്പെടുത്തും.


