ന്യൂഡല്‍ഹി: ലോകസഭ തെരഞ്ഞെടുപ്പില്‍ പോളീങ് ബൂത്തില്‍ വെച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച പോളിങ് ഏജന്റ് അറസ്റ്റില്‍ . ഡല്‍ഹിക്കു സമീപത്തെ ഫരീദാബാദിലാണു സംഭവം. ഏജന്റ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ എത്തിയതോടെയാണ് അറസ്റ്റ്.
നീല ടീ ഷര്‍ട്ട് ധരിച്ച പോളിംഗ് ഏജന്റ് ഒരു സ്ത്രീ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ എഴുന്നേറ്റ് പോയി വോട്ടിംഗ് മെഷീനില്‍ ബട്ടന് അമര്‍ത്തിയ ശേഷം തിരിച്ചുവന്ന് സീറ്റില്‍ ഇരിക്കുന്നതായാണ് വീഡിയോയിലുള്ളത്. ഇയാള്‍ രണ്ടുതവണ ഇക്കാര്യം ആവര്‍ത്തിക്കുന്നത് വീഡിയോയിലുണ്ട്. അതേസമയം ഇയാളെ നിയമവിരുദ്ധമായ ഈ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരും തന്നെ മുതിര്‍ന്നില്ല .
വീഡിയോ പുറത്തതായതോടെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകള്‍ രംഗത്ത് വന്നു. നിരവധി ആളുകള്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പെരുമാറ്റ ചട്ടലംഘനം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. അതേസമയം കുറ്റം ചെയ്ത ഏജന്റിനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രകാരം ഉദ്യേഗസ്ഥര്‍ക്കെതിരെ ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി .
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് ഞായറാഴ്ച വൈകിട്ട് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരോ ഏതു പാര്‍ട്ടിയുടെ പോളിംഗ് ഏജന്റാണ് എന്നതോ വ്യക്തമല്ല.