ഉദുമൽപേട്ടയില്‍ കാണാതായ കമിതാക്കള്‍ കനാലില്‍ മരിച്ച നിലയില്‍

പൊള്ളാച്ചി: മാതാപിതാക്കൾ പ്രണയത്തെ എതിർത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഉദുമൽപേട്ട സ്വദേശികളായ അരുൺ ശങ്കർ(35), മഞ്ജുള(30) എന്നിവരെയാണ് പിഎപി കനാലിൽ മുങ്ങിയ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഈ മാസം ഇരുപതാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഉദുമലപേട്ടയ്ക്ക് സമീപം പറമ്പിക്കുളം ആളിയാര്‍ പ്രോജക്‌ട് കനാലിലെ വെള്ളത്തിലെ കാര്‍ മുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും എത്തി കാര്‍ കനാലില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി പരിശോധിച്ചപ്പോഴാണ് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഉദുമലപെട്ടയില്‍ വീല്‍ അലയ്മെന്‍റ് ബിസിനസ് സ്ഥാപനം നടത്തുന്ന അരുണ്‍ ശങ്കറും ശ്രീനിവാസ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ മഞ്ചുളയും തമ്മിലുള്ള വിവാഹം ഇരുവരുടേയും വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഒരേ സമുദായത്തില്‍ പെട്ടവരായിരുന്നു ഇരുവരും. വിവാഹ നിശ്ചയശേഷം ഇരുവരും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും അടുപ്പത്തിലാകുകയും ചെയ്തു.

ഇതിനിടെ അന്ധവിശ്വസത്തിന്‍റെ ഭാഗമായി അരുണ്‍ ശങ്കറിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ അരുണിനെ നിര്‍ബന്ധിക്കുകയും മഞ്ചുളയുടെ വീട്ടുകാരെ വിവാഹ ബന്ധത്തിന് താത്പര്യം ഇല്ലായെന്ന് അറിയിക്കുകയും ചെയതിരുന്നു. ഒരുവര്‍ഷം മുമ്പ് മഞ്ചുളക്ക് മറ്റൊരു യുവാവുമായി വിവാഹം നിശ്ചയം നടത്തിയിരുന്നു. ചടങ്ങിന് ശേഷം യുവാവ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതറിയുകയും മഞ്ചുളയെ വിവാഹം ചെയ്താല്‍ വീട്ടില്‍ മരണം സംഭവിക്കുമെന്ന് ജോത്സ്യന്‍ പറഞ്ഞതിനാലുമാണ് അരുണ്‍ ശങ്കറിന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്തിരിയാന്‍ തുനിഞ്ഞത്.

വിവാഹ നിശ്ചയ ശേഷം പ്രണയത്തിലായ ഇവര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തയ്യാറായിരുന്നില്ല.  ഇതിനിടെയാണ് ഇരുപതാം തീയതി മുതല്‍ ഇരുവരെയും കാണാതായത്. വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പെട്ടതാണോയെന്നും പൊലീസ് അന്വേഷണം നടത്തി വരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഉദുമലപേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

 

 

 

prp

Related posts

Leave a Reply

*