കണ്ണൂര്‍: ഇടവപ്പാതിയോടെ നടയടച്ച വടക്കെ മലബാറിലെ കാവുകളിലും തറവാട്ട് മുറ്റങ്ങളിലും കുരുത്തോലയും ആടയാഭരണങ്ങളുമായി വരവിളിയും പൊലിച്ചു പാട്ടും ഉറച്ചിൽ തോറ്റവും കൊണ്ട് മുഖരിതമാക്കുവാൻ തെയ്യക്കോലങ്ങൾ ഇറങ്ങുകയായ്
കാവുകള്‍ ഉണര്‍ന്ന് തുടങ്ങിയിരിക്കുന്നു. തെയ്യം കലാകാരന്മാരും തെയ്യക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. മനുഷ്യന്‍ ദേവനായും ദേവിയായും രൂപാന്തരം പ്രാപിക്കുന്ന കാലത്തേക്കുള്ള ചുവട്‌വെയ്പ്പാണ് തെയ്യക്കാലം. ഇതിനായി അണിയലങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് കലാകാരന്മാര്‍. രൂപത്തിലും സങ്കല്‍പത്തിലും തെയ്യങ്ങളോരോന്നും വ്യത്യസ്തമായതിനാല്‍ അനുയോജ്യമായ അണിയലങ്ങളാണ് ഒരുക്കുന്നത്.
ചുവട് ഒന്നുകൂടി ഉറപ്പിച്ച് തോറ്റങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിട്ട് കലാകാരന്മാരും തയ്യാറെടുപ്പിലാണ്. സൂര്യദേവന്‍ ഭക്തര്‍ക്ക് സര്‍വ്വൈശ്വര്യങ്ങളും നല്‍കുന്നുവെന്ന് വിശ്വസിക്കുന്ന പത്താമുദയത്തില്‍ തറവാടുകളും തെയ്യക്കാവുകളും രാവിലെ മുതല്‍ തന്നെ തെയ്യക്കോലങ്ങളുടെ ഭാവങ്ങളാല്‍ നിറയും. ഇടവത്തില്‍ നീലേശ്വരം മന്നമ്പുറത്ത് കാവിലെയും കളരിവാതിക്കലെയും കലശത്തോടെയാണ് തെയ്യക്കാലം സമാപിക്കുക.

