തിരുവനന്തപുരം: പ്രളയം മൂലം ഉല്‍പാദനത്തിലും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയുടെ കുറവും പരിഹരിക്കാന്‍ സംസ്ഥാനത്ത് താല്‍ക്കാലിക ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തി. ഉപഭോഗം കൂടുതലുള്ള വൈകുന്നേരങ്ങളിലാണിതേര്‍പ്പെടുത്തുക. വൈദ്യുതി കമ്മി പരിഹരിക്കുന്നത് വരെ ഇത് തുടരുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
പ്രളയത്തെ തുടര്‍ന്ന് പന്നിയാര്‍,ലോവര്‍പെരിയാര്‍, പെരിങ്ങല്‍കുത്ത് എന്നിവ ഉള്‍പ്പെടെ ഏഴ് ജലവൈദ്യുതി നിലയങ്ങളും കുത്തുങ്കല്‍, മണിയാര്‍ തുടങ്ങിയ സ്വകാര്യ നിലയങ്ങളും പ്രവര്‍ത്തിക്കുന്നില്ല. ഇതുമൂലമുള്ള വൈദ്യുതി കമ്മി മറ്റ് നിലയങ്ങളിലെ ഉത്പാദനം കൂട്ടിയും കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതിയും കൊണ്ടാണ് മറികടന്നിരുന്നത്. എന്നാല്‍ ഇന്നലെ താല്‍ച്ചറില്‍ നിന്നും 200 മെഗാവാട്ടും കൂടംകുളത്തുനിന്നുള്ള 266 മെഗാവാട്ടും ലഭിക്കുന്നത് നിലച്ചു. ഇതോടെയാണ് ലോഡ് ഷെഡ്ഡിംഗ് വേണ്ടിവന്നത്.
സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയില്‍ 700 മെഗാവാട്ടിന്റെ കുറവാണുള്ളത്. പവര്‍ പര്‍ച്ചേസിലൂടെ ഇത് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനാവാത്ത സാഹചര്യമുണ്ട്. വൈകിട്ട് 6.30 മുതല്‍ 9.30 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണമുണ്ടാകുക. സംസ്ഥാനത്തെ ജലവൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നുണ്ടെന്ന് കെ.എസ്.ഇ.ബി.പറഞ്ഞു.
നിലവില്‍ 65.19 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം. ജലവൈദ്യുതി നിലയങ്ങളില്‍ നിന്നായി മൊത്തം 31.91 ദശലക്ഷം യൂണിറ്റാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി കേന്ദ്രപൂളിലും പുറമെ നിന്ന് വാങ്ങുന്ന വൈദ്യുതിയുമുപയോഗിച്ചാണ് നികത്തുന്നത്.
