ദില്ലി: മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിനെതിരെ റജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി പ്രിയ പ്രകാശ് വാര്യറും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
40 വര്‍ഷമായി കേരളത്തിലെ മുസ്ലിംകള്‍ നെഞ്ചേറ്റിയ ഗാനമാണിതെന്നും ഈ ഗാനം മതവികാരം വ്രണപ്പെടുത്തുന്നില്ലെന്നും കേസ് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നും പ്രിയാ വാര്യര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗാനത്തിനെതിരെ കേസ് എടുക്കരുതെന്നു മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദിലെ ഫലഖ്നുമ്മ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ചിത്രത്തിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന് ആണ്.
ചിത്രം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിത്രത്തിലെ ഗാനം ആരെയെങ്കിലും ആക്ഷേപിക്കുന്നതാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് തീരുമാനം എടുക്കാവുന്നത് ആണെന്നും പ്രിയ വാര്യരും ഒമര്‍ ലുലുവും ഔസേപ്പച്ചനും സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
