‘ഞാന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല, എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല’: പ്രിയ വാര്യര്‍

സത്യങ്ങള്‍ തുറന്നു പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കുമെന്ന മുന്നറിയിപ്പുമായി പ്രിയ വാര്യര്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായിരുന്നു. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലായിരുന്നു പ്രിയയുടെ വാക്കുകള്‍.

പൂര്‍ണമായും പുതുമുഖങ്ങളെ വച്ച് ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവില്‍ നൂറിന്‍ ഷെരീഫ്, പ്രിയ വാര്യര്‍, റോഷന്‍ എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. നൂറിനെയായിരുന്നു തുടക്കത്തില്‍ ചിത്രത്തിലെ നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ‘മാണിക്യമലരായ പൂവി…’ എന്ന പാട്ടിലെ കണ്ണിറുക്കല്‍ രംഗം പ്രിയയെ ലോകപ്രശസ്തയാക്കി.

തുടര്‍ന്ന് ചിത്രത്തിലെ നായികാസ്ഥാനത്തെ സംബന്ധിച്ച് നിര്‍മാതാവും സംവിധായകനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. പ്രിയക്ക് പ്രാധാന്യം നല്‍കുന്ന തരത്തില്‍ സിനിമ മാറ്റണമെന്ന് നിര്‍മാതാവ് വാശിപിടിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തുടക്കത്തില്‍ ഒമര്‍ ലുലു തയ്യാറായില്ല. എന്നാല്‍ നിര്‍മാതാവിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങി കഥയില്‍ ഭേതഗതികള്‍ വരുത്തിയാണ് പിന്നീട് സിനിമ റിലീസിനെത്തിയത്.

ചിത്രം തീയേറ്ററുകളിലെത്തിയ ശേഷം നൂറിന്‍റെ വേഷം ശ്രദ്ധനേടി. ഒരു ചാനല്‍ അഭിമുഖത്തിനിടയില്‍ ഒമര്‍ ലുലു സംസാരിച്ച ചില കാര്യങ്ങള്‍ വിവാദമായി. പ്രിയയുമായി തനിക്ക് യാതൊരു തരത്തിലുള്ള ബന്ധമിപ്പോള്‍ ഇല്ലെന്നും അര്‍ഹിക്കാത്ത അംഗീകാരങ്ങള്‍ തേടിയെത്തിയപ്പോള്‍ പ്രിയ അടക്കമുള്ള ചില പുതുമുഖങ്ങളുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ഒമര്‍ ലുലു കുറ്റപ്പെടുത്തി.

റോഷനും പ്രിയയുമായി താന്‍ അകല്‍ച്ചയിലാണെന്ന തരത്തിലാണ് നൂറിനും സംസാരിച്ചത്. ഇതിനെല്ലാം മറുപടി പറയുകയാണ് പ്രിയ. താന്‍ ആരുടെ വേഷവും തട്ടിയെടുത്തിട്ടില്ല എന്നും ആരെയും തരംതാഴ്ത്തിയിട്ടില്ല എന്നും പ്രിയ പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയ വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്.

‘പാട്ടിറങ്ങിയതിന് ശേഷം തിരക്കഥ മാറ്റി, എനിക്ക് പ്രാധാന്യം നല്‍കി എന്ന വാദം തെറ്റാണ്. പാട്ടിറങ്ങുന്നതിന് മുന്‍പ് തന്നെ എന്‍റെ കഥാപാത്രത്തെക്കുറിച്ചുള്ള പൂര്‍ണ ധാരണ എനിക്ക് നല്‍കിയിരുന്നു. എനിക്ക് വേണ്ടി നൂറിനെ തരം താഴ്ത്തിയിട്ടില്ല. നൂറിനും ഞാനും തമ്മില്‍ വിലയ പ്രശ്‌നത്തിലാണെന്നാണ് സംസാരം. അത് സത്യമല്ല.

ഒരു അഡാര്‍ ലൗവില്‍ നൂറിന്‍ ഒരുപാട് പ്രതീക്ഷ വച്ചിരുന്നു. ഞാനുമായി സ്‌ക്രീന്‍ ഷെയര്‍ ചെയ്യേണ്ടി വരും എന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ടാകാം. അതായിരിക്കും എന്നോടുള്ള പ്രശ്‌നം. ഞാന്‍ ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ല. സിനിമ ഇറങ്ങിയതിന് ശേഷം എന്നെ പലരും കടന്നാക്രമിക്കുന്നുണ്ട്. അതിന് പിന്നില്‍ ആരാണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും. എനിക്ക് ആരുമായും പ്രശ്‌നമില്ല’ പ്രിയ പറഞ്ഞു.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത് എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ട്. ഇതിനെതിരേ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്ത് വന്നിരുന്നു.

prp

Related posts

Leave a Reply

*