വെറുതെ പാടിയ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറലാക്കി: അമ്പരന്ന് ഗായകന്‍

തലയിലൊരു തോര്‍ത്തു കെട്ടി ​റബര്‍ തോട്ടത്തിലിരുന്ന് കൂടെ ജോലി ചെയ്തു കൊണ്ടിരുന്ന ചേട്ടന് വേണ്ടി നൂറനാട് സ്വദേശി രാകേഷ് ഒരു പാട്ട് പാടി. ജോലി സ്ഥലത്തുണ്ടായിരുന്ന കൂട്ടുകാരന്‍ വീഡിയോ എടുത്ത് വാട്ട്സാപ്പില്‍ പോസ്റ്റ് ചെയ്തു. അതോടെ രാകേഷിന്‍റെ ജീവിതം മാറി മറിഞ്ഞു. ആരാണീ ഗായകന്‍ എന്നായി എല്ലാവരുടെയും അന്വേഷണം. നാലു ദിവസം മുമ്പാണ് ഇത് സംഭവിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ആരാണീ പാട്ടുകാരനെന്നായി സോഷ്യല്‍ മീഡിയ. ആളെ കണ്ടെത്തുകയും ചെയ്തു.

ഫോണിലേക്ക് കോളുകള്‍ വന്നു തുടങ്ങിയപ്പോഴാണ് ചുമ്മാതെ പാടിയ പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് വൈറലാക്കിയ വിവരം രാകേഷ് അറിയുന്നത്. പാട്ട് കേട്ടവരൊക്കെ പിന്നെയും പിന്നെയും കേട്ട് ഷെയര്‍ ചെയ്തു കൊണ്ടേയിരുന്നു. കമല്‍ ചിത്രമായ വിശ്വരൂപത്തിലെ ‘ഉന്നൈ കാണാതെ നാന്‍ ഇന്‍ട്രു നാന്‍ ഇല്ലയേ’ എന്ന പാട്ടാണ് രാകേഷിനെ താരമാക്കിയത്. ശങ്കര്‍ മഹാദേവനും കമല്‍ഹാസനും ചേര്‍ന്നാണ് സിനിമയില്‍ ഈ പാട്ട് പാടിയിരിക്കുന്നത്.

‘ദാ ഇപ്പോഴും കോളുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. എനിക്ക് തടിപ്പണിയാണ് ജോലി. പണി സ്ഥലത്ത് വച്ച്‌ ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവര്‍പയ്യനാണ് വീഡിയോ എടുത്തത്. അവന്‍റെ പേര് എനിക്ക് കൃത്യമായി അറിയില്ല. സൈറ്റിലുണ്ടായിരുന്ന ഒരു ചേട്ടന് പാടിക്കൊടുത്ത പാട്ടാണിത്. വാട്ട്സ്‌ആപ്പില്‍ ആ വീഡിയോ കൊടുത്തതും അവനാണ്.’ രാകേഷിനിപ്പോഴും അത്ഭുതം മാറിയിട്ടില്ല.

ആലപ്പുഴ ജില്ലയിലെ നൂറനാട് സ്വദേശിയാണ് രാകേഷ്. പഠിക്കുന്ന സമയത്ത് പാട്ടിന് നിരവധി സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് രാകേഷ് പറയുന്നു. ശാസ്ത്രീയമായി സം​ഗീതം പഠിക്കാതെയാണ് രാകേഷ് ഇത്രയും മനോഹരമായി പാടുന്നതെന്ന് അറിയുമ്പോള്‍ കേള്‍വിക്കാരുടെ അത്ഭുതം ഇരട്ടിയാകുന്നു. ഇന്ദുലേഖയെ പോലെ രാകേഷിനെയും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

prp

Related posts

Leave a Reply

*