ബാഗില്‍ പടക്കം, മുഖംമൂടി, മൊബൈല്‍ ഫോണ്‍; അവസാന ദിനം പൊളിച്ചടുക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍

കണ്ണൂര്‍: വാര്‍ഷിക പരീക്ഷയുടെ അവസാനദിവസം സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ അതിരുവിട്ട ആഘോഷങ്ങള്‍ നടക്കുന്നത് പലപ്പോഴും പൊല്ലാപ്പുകള്‍ സൃഷ്ടിക്കാറുണ്ട്. ഇത്തരത്തില്‍ അതിരുവിട്ട ആഘോഷം നടത്താനുളള വിദ്യാര്‍ത്ഥികളുടെ ശ്രമം സ്‌കൂള്‍ അധികൃതരുടെ ജാഗ്രതയില്‍ പൊളിഞ്ഞിരിക്കുകയാണ്.

തങ്ങള്‍ സ്‌കൂള്‍ ബാഗുകളിലാക്കിയും മറ്റും ഒളിപ്പിച്ചു കൊണ്ടു വന്ന മൊബൈല്‍ ഫോണുകളും പടക്കങ്ങളും മുഖം മൂടിയും വാദ്യോപകരണങ്ങളും ഒടുവില്‍ രക്ഷിതാക്കളുമായി എത്തി പൊലിസ് സ്‌റ്റേഷനില്‍ നിന്ന് ക്ഷമാപണം നടത്തി വാങ്ങേണ്ടി വന്നു വിദ്യാര്‍ത്ഥികള്‍ക്ക്.

ആറളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച പ്ലസ് ടു കൊമേഴ്‌സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിദ്യാര്‍ഥികളുടെ പരീക്ഷ തീരുന്ന ദിവസം ആയിരുന്നു . മുന്‍ വര്‍ഷത്തെ ദുരനുഭവങ്ങളുടെ വെളിച്ചത്തില്‍, പരീക്ഷ എഴുതുന്നതിനിടയില്‍ വിദ്യാര്‍ഥികളുടെ ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിച്ച അധ്യാപകര്‍ ഞെട്ടി. വിലപിടിപ്പുള്ള 30 മൊബൈല്‍ ഫോണുകള്‍, വിവിധ തരത്തിലുള്ള പടക്കങ്ങള്‍, മുഖംമൂടികള്‍, വിവിധ തരം ചായങ്ങള്‍, വലിയ തരം വാദ്യോപകരണങ്ങള്‍ എന്നിവയാണ് കണ്ടെത്തിയത്.

ഉടന്‍ അധ്യാപകര്‍ ആറളം പൊലിസിനെ വിളിച്ച്‌ വരുത്തി സാധനങ്ങള്‍ കൈമാറി. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ മടങ്ങും വരെ സ്‌കൂളിന് കാവല്‍ നിന്ന പൊലിസ് അധ്യാപകര്‍ കൈമാറിയ സാധനങ്ങള്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഒരു വിദ്യാര്‍ഥി എത്തിയത് രക്ഷിതാവിന്‍റെ ആഡംബര ജീപ്പുമായാണ്. പോലിസ് വിളിപ്പിച്ചതനുസരിച്ച്‌ സ്‌റ്റേഷനില്‍ എത്തിയ രക്ഷിതാക്കളും തങ്ങളുടെ മക്കള്‍ കൊണ്ടു വന്ന സാധനങ്ങള്‍ കണ്ട് അമ്പരന്നു.

അധ്യയനത്തിന്‍റെ അവസാന ദിവസം അതിരുകടന്ന ആഘോഷമാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിച്ചാല്‍ കര്‍ശനമായി നേരിടാന്‍ പോലിസ് തീരുമാനിചിരിക്കുകയാണ്. ചായം പൂശല്‍, വാദ്യോപകരണങ്ങളോടെയുള്ള ഗാനമേള എന്നിവയ്‌ക്കൊപ്പം അധ്യാപകരെ അപമാനിക്കല്‍, സ്‌കൂള്‍ ഉപകരണങ്ങളും ടോയ്‌ലറ്റുകളും കെട്ടിടങ്ങളും തകര്‍ക്കല്‍ എന്നിങ്ങനെ ആഭാസ ആഘോഷ രീതികളിലേക്ക് മാറുന്ന അനുഭവങ്ങള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ സാഹചര്യത്തിലാണിത്.

prp

Related posts

Leave a Reply

*